Deshabhimani

റെയിൽവേ ആശുപത്രി ഹെൽത്ത്‌ യൂണിറ്റാക്കൽ 

ലക്ഷ്യം സ്വകാര്യവൽക്കരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 02:00 AM | 1 min read

പാലക്കാട്‌

ഷൊർണൂർ റെയിൽവേ സബ് ഡിവിഷണൽ ആശുപത്രി ഹെൽത്ത് യൂണിറ്റാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സ്വകാര്യവൽക്കരണത്തിന്റെ ഭാഗം. ഇന്ത്യൻ റെയിൽവേയുടെ പുനഃസംഘടനയ്ക്കും വികസനത്തിനുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ബിബേക് ദബ്രോയ് സമിതി 2015 ജൂണിൽ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട്‌ പ്രകാരമാണ്‌ നടപടി. ആയിരത്തോളം പെൻഷൻകാരും കുടുംബാംഗങ്ങളും ആശ്രയിക്കുന്ന ആശുപത്രി ഹെൽത്ത് യൂണിറ്റാക്കിയാൽ കിടത്തിച്ചികിത്സ, മുഴുവൻ സമയ ചികിത്സാ സൗകര്യം, ഓർത്തോപീഡിക്, ഇഎൻടി തുടങ്ങിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ഇല്ലാതാകും. സ്വകാര്യ ആശുപത്രികളിലേക്ക്‌ റഫർ ചെയ്യുന്ന സംവിധാനമായി ഹെൽത്ത്‌ യൂണിറ്റ്‌ മാറും. യാത്രക്കാർക്ക്‌ അസുഖം വന്നാൽ അടിയന്തര ഘട്ടത്തിൽ ആശ്രയമാണ്‌ ഇ‍ൗ ആശുപത്രി. ഇ‍ൗ സ‍ൗകര്യവും ഇല്ലാതാകും. റെയിൽവേ സ്വകാര്യവൽക്കരണത്തിന്‌ വഴിതുറക്കുന്ന ഒട്ടേറെ നിർദേശങ്ങൾ അടങ്ങിയതാണ്‌ ദബ്രോയ് സമിതിയുടെ റിപ്പോർട്ട്‌. റെയിൽവേയുടെ പ്രധാന ചുമതലകൾക്ക് പുറത്തുള്ള സ്ഥാപനങ്ങൾ റെയിൽവേ നേരിട്ട് നടത്തേണ്ടതില്ലെന്ന്‌ റിപ്പോർട്ട്‌ ശുപാർശ ചെയ്യുന്നു. റെയിൽവേയുടെ പ്രാഥമിക ജോലി ട്രെയിൻ ഓടിക്കുക, ട്രാക്കുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുക എന്നിവയാണെന്നും ആശുപത്രികൾ, സ്കൂളുകൾ, കാറ്ററിങ്, സുരക്ഷാ വിഭാഗമായ ആർപിഎഫ്‌ എന്നിവ നടത്തുന്നത് പ്രധാന ചുമതലകളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റെയിൽവേ നേരിട്ട് ആശുപത്രികൾ നടത്തുന്നത് നിർത്തിവയ്ക്കണമെന്നും അവയുടെ പ്രവർത്തനം ആയുഷ്മാൻ ഭാരത് പോലുള്ള ഇൻഷുറൻസ് മാതൃകകളിൽ ഉൾപ്പെടുത്തി സ്വകാര്യ–സർക്കാർ ആശുപത്രികൾവഴി ജീവനക്കാർക്ക് ചികിത്സ ഉറപ്പാക്കുകയോ ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിച്ചു. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചതും തേജസ് എക്സ്പ്രസ്, ഐആർസിടിസി മുഖേനയുള്ള സ്വകാര്യ ട്രെയിൻ ഓപ്പറേഷനുകൾ തുടങ്ങിയതും ഇ‍ൗ റിപ്പോർട്ട്‌ അനുസരിച്ചാണ്‌. ട്രേഡ് യൂണിയനുകളുടെ എതിർപ്പും കോവിഡ്‌ മഹാമാരിയുംകാരണം നിന്നുപോയ നടപടികൾ കേന്ദ്രം പൊടിതട്ടിയെടുക്കുന്നതിന്റെ ഭാഗമാണ്‌ ഷൊർണൂരിലേത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home