വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത മേൽപ്പാല നിർമാണം
എങ്ങുമെത്താതെ പൊളിച്ചുപണി

സ്വന്തം ലേഖകൻ
വടക്കഞ്ചേരി
ഒരു മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ വടക്കഞ്ചേരി -–മണ്ണുത്തി ദേശീയപാത മേൽപ്പാല നിർമാണം. മെയ് 17നാണ് പാലത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കി പതിവ് കുത്തിപ്പൊളിച്ച് പണി തുടങ്ങിയത്. ഇപ്പോൾ 11 ഇടത്ത് പണി നടത്തുണ്ട്. ആദ്യമായാണ് ഒരേ സമയം ഇത്രയധികം സ്ഥലത്ത് പണി നടത്തുന്നത്. പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതിനെത്തുടർന്ന് പാലത്തിന്റ ജോയിന്റുകൾ കുത്തിപ്പൊളിച്ച് ഇരുമ്പ് റാഡുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയാണ് പതിവ്. ഇത്തരത്തിൽ പതിവായി പണി നടത്താറുണ്ട്. 2022 ഫെബ്രുവരി ആറിന് മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തശേഷം 96 തവണ ഇതുവരെ ഇരുപാലങ്ങളിലുമായി കുത്തിപ്പൊളിച്ചുപണിതു. സാധാരണ രണ്ടാഴ്ചകൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാറുണ്ടെങ്കിലും ഇത്തവണ ഒരു മാസം പിന്നിട്ടു. മേൽപ്പാലത്തിലൂടെ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലൂടെ ഇരു ദിശയിലേക്കും ഗതാഗതം അനുവദിച്ചു. നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മതിയായ ദിശാബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. പാലം നിർമാണത്തിലെ അപാകമാണ് ഇത്തരത്തിൽ ഇടയ്‌ക്കിടെ കുത്തിപ്പൊളിച്ച് പണിയാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നാണ് കരാർ കമ്പനിയുടെ വിശദീകരണം. മഴകനത്താൽ പാലത്തിന്റെ നിർമാണ പ്രവൃത്തി നീണ്ടുപോകാനാണ് സാധ്യത.










0 comments