എട്ടാം ക്ലാസുകാരനെ സഹപാഠി മർദിച്ചതായി പരാതി

അഗളി
അട്ടപ്പാടിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠി ക്രൂരമായി മർദിച്ചതായി പരാതി. അഗളി ഏകലവ്യ എംആർഎസിലെ എട്ടാം ക്ലാസ് വിദ്യാർഥി കതിരംപതി സ്വദേശി മുരുകേശൻ–പാർവതി ദമ്പതികളുടെ മകൻ മുബേഷിനാണ് (13) മർദനമേറ്റത്. വിദ്യാർഥി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചെരുപ്പ് കാണുന്നില്ലെന്ന് ആരോപിച്ച് ഹോസ്റ്റൽ മുറിയിൽ ഒരുമിച്ച് താമസിക്കുന്ന സന്ദീപ് അതിക്രൂരമായി മർദിച്ചതായാണ് പരാതി. മുബേഷിന്റെ വലത് കൈക്ക് പൊട്ടലുണ്ട്. ദേഹത്താകമാനം മർദിച്ചതിന്റെയും കടിച്ചതിന്റെയും പാടുകളുണ്ട്. ചുണ്ടിനും മുറിവേറ്റു. മർദിച്ചശേഷം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മുബേഷിന്റെ പിതാവ് ആരോപിച്ചു. ബാത്റൂമിൽ തെന്നി വീണ് കൈക്ക് വേദനയുണ്ടെന്നായിരുന്നു വീട്ടുകാരോട് കുട്ടി പറഞ്ഞിരുന്നത്. ആശുപത്രിയിലെ വിശദ പരിശോധനയ്‌ക്കിടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞപ്പോൾതന്നെ മർദിച്ച കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചതായും അടുത്തദിവസം ഇരുകുട്ടികളുടെയും രക്ഷിതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചിട്ടുണ്ടെന്നും ഐടിഡിപി പ്രോജക്ട് ഓഫീസർ വി കെ സുരേഷ്‌കുമാർ പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments