ad
Deshabhimani

പരിശോധന ശക്തമാക്കി പൊലീസ്‌

അതിർത്തിയിൽ കോഴിപ്പോര്‌ സജീവം

Cockfight

കോഴിപ്പോരിനിടെ പിടികൂടിയ കോഴിയെ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിൽ ലേലം ചെയ്യുന്നു

avatar
എസ്‌ സുധീഷ്‌

Published on May 04, 2026, 12:00 AM | 2 min read

ചിറ്റൂർ

കേരള -– തമിഴ്നാട് അതിർത്തിയിൽ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ച് കോഴിപ്പോര്‌ സജീവമായതോടെ പരിശോധന ശക്തമാക്കി പൊലീസ്‌. അതിർത്തി പ്രദേശങ്ങളായ എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ചാണ് കോഴിപ്പോര്‌ നടത്തുന്നത്. തമിഴ്നാട്ടിൽനിന്നുള്ള സംഘങ്ങളും എത്തുന്നുണ്ട്. ചിറ്റൂരിന്റെ കിഴക്കൻ മേഖലയിൽമാത്രം നൂറുകണക്കിന് യുവാക്കളാണ് പോരുകോഴികളെ പരിപാലിച്ചുവരുന്നത്. പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും പൊലീസെത്തുന്നത്‌ നിരീക്ഷിക്കാനടക്കം ആളുകളെ നിർത്തിയാണ്‌ പോര്‌ നടത്തുന്നത്‌. 3,000 മുതൽ ലക്ഷങ്ങൾവരെയാണ് കോഴികളുടെ വില.

കോഴിപ്പോര്‌

വാതുവയ്‌പ്പിനൊപ്പം ചോരക്കളിയാണ് കോഴിപ്പോര്‌. പരിശീലനം ലഭിച്ച കോഴികളുടെ കാലിൽ കത്തി കെട്ടി അങ്കത്തിനായി ഇറക്കും. കോഴി കുത്തേറ്റ് പിടിഞ്ഞുവീണാലോ പിന്തിരിഞ്ഞാലോ മറ്റേ കോഴിയെ വിജയിച്ചതായി പ്രഖ്യാപിക്കും. തോറ്റ കോഴിയും പന്തയത്തുകയും വിജയിച്ചവർക്ക് കിട്ടും.

പൊലീസ് പിടികൂടിയാൽ

​കോഴികളെ പരസ്പരം പോരടിക്കാൻ വിടുന്നത് കുറ്റമല്ല. എന്നാൽ കാലിൽ കത്തി കെട്ടിയും പണവച്ചുമുള്ള കോഴിപ്പോര്‌ കുറ്റമാണ്‌. കോഴിയങ്കത്തിനിടെ പൊലീസ് പിടികൂടിയാൽത്തന്നെ സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണിത്‌. പിടികൂടിയ കോഴികളെ കോടതി അനുമതിയോടെ സ്റ്റേഷനിൽനിന്നുതന്നെ ലേലം നടത്തും. മിക്കവാറും ഈ സംഘത്തിൽപ്പെട്ടവർ തന്നെയായിരിക്കും ലേലത്തിൽ എടുക്കുന്നതും.

കോഴികൾക്ക് 
പ്രത്യേക പരിശീലനം

​പ്രത്യേക ഇനത്തിൽപ്പെട്ട തെരഞ്ഞെടുത്ത പൂവൻ കോഴികൾക്ക് ഏഴു മാസം പിന്നിടുമ്പോഴാണ് പരിശീലനം നൽകുന്നത്‌. മറ്റ് കോഴികൾക്കൊപ്പം വിടാതെ കെട്ടിയിട്ടാണ് ഇവയെ വളർത്തുന്നത്. ശൗര്യവും ധൈര്യവും കൂട്ടാനാണിത്‌. പറന്നുയരാൻ വെള്ളത്തിൽ നീന്തിക്കുന്നതും പതിവാണ്.

5 പോരുകോഴികളുമായി 
5 പേർ പിടിയിൽ

ചിറ്റൂർ

കൊഴിഞ്ഞാന്പാറയിൽ പണംവച്ച്‌ കോഴിപ്പോര്‌ നടത്തിയ അഞ്ചുപേർ പിടിയിലായി. കോയമ്പത്തൂർ കോവൈപുതൂർ സി ഹരികൃഷ്ണൻ (51), കിണത്തുക്കടവ് ആർമദൻകുമാർ (25), പൊള്ളാച്ചി കുമാരംപാളയം കെ ശെന്തിൽകുമാർ (19), വേലന്താവളം ചുണ്ണാമ്പുക്കൽതോട് ജെ സന്തോഷ് രാജ് (24), പഴണിയാർപാളയം പി ജോൺസൺ (25) എന്നിവരാണ് പിടിയിലായത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ പരിശോധനയിൽ ഞായർ പകൽ രണ്ടിന്‌ കൊഴിഞ്ഞാമ്പാറ പഴണിയാർപാളയത്തെ ഒഴിഞ്ഞ പറമ്പിൽനിന്നാണ്‌ ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് കോഴികളെയും 2,650 രൂപയും പിടിച്ചെടുത്തു. ​ഇൻസ്‌പെക്ടർ കെ എസ് സന്ദീപ്, എസ്ഐ കെ പി ജോർജ്, ഗ്രേഡ് എസ്ഐമാരായ വി ജയകുമാർ, തോമസ് ഔസേപ്പ്, സീനിയർ സിപിഒമാരായ എസ് അനീഷ്, എൻ ശരവണൻ, ബി സഞ്ജു, പി സുരേഷ്, വി ഹരിദാസ്, സി പ്രശാന്ത്, എസ് അശോക്, ഹോംഗാർഡ് സി വി ജയപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിന്നീട് അഞ്ച്കോഴികളെ 17,700 രൂപയ്ക്ക് സ്റ്റേഷനിൽ ലേലത്തിൽ വിറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home