തെളിഞ്ഞൊഴുകുന്നു 
നാട്ടുതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2025, 01:00 AM | 1 min read

പാലക്കാട്​

നാടൻകലയുടെ താളത്തെ ആഴത്തിൽ പഠിച്ചെടുത്ത കലാകാരനാണ് അനിൽ ആറങ്ങോട്ടുകര​. മരം, തുടി, ചെണ്ട, തിമില എന്നിവയിലെ വൈദഗ്​ധ്യം അമ്പരപ്പിക്കുന്നതാണ്​. ഇതിനോടകം ആയിരത്തോളം വേദികളിൽ പങ്കെടുത്തു​. ആറങ്ങോട്ടുകര പഞ്ചവാദ്യ സംഘത്തിലെ പ്രധാന തിമിലവാദകനും ബിജിഎം ബാംബു ബാൻഡിലെ ഇടയ്ക്ക, ദർബുക്ക, കെഹോൺ​ വാദകനുമാണ്​​. ഇടനിലം ആർട്​സ്​ ആ​ൻഡ് ക്രാഫ്​റ്റ്​ എന്ന സംരംഭത്തിലൂടെ മുളകൊണ്ടുള്ള കരക‍ൗശല വസ്​തുക്കൾ ഉണ്ടാക്കുന്നതിലും കേമനാണ്​. ഗുരുക്കൻമാരില്ലാതെയാണ്​ മരവും ​തുടിയും അഭ്യസിച്ചത്​. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആറങ്ങോട്ടുകര ശിവനിൽനിന്നും ശങ്കുണ്ണിയിൽനിന്നും ചെണ്ട ശാസ്​ത്രീയമായി അഭ്യസിച്ചു. കലാമണ്ഡലം പെരിങ്ങോട്​ ചന്ദ്രനാണ്​ പഞ്ചവാദ്യത്തിൽ ഗുരു. 2000ൽ പട്ടാമ്പിയിലെ ദേശത്തുടി നാട്ടറിവ്​ പഠനകേന്ദ്രത്തിൽ അംഗമായി. 2002ൽ ആറങ്ങോട്ടുകര കേന്ദ്രീകരിച്ച്​ വള്ളുവനാട്​ നാടൻ കലാകേന്ദ്രം തുടങ്ങി. നാടൻപാട്ട്​ കൂടാതെ മലവാഴിയാട്ടം, കരിങ്കുട്ടിയാട്ടം, കരിനീലിയാട്ടം, കേത്രാട്ടം തുടങ്ങിയ അനുഷ്ഠാന കലകളും വേദികളിൽ അവതരിപ്പിച്ച് കൈയടിനേടി. ഉണ്ണികൃഷ്ണൻ പാക്കനാരുടെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട ക്രിയേറ്റർ ബാംബു മ്യൂസിക്​ ബാൻഡിലും അംഗമായി. സ്​ത്രീകളെ നാടൻകലാ രംഗത്തേക്ക്​ കൈപിടിച്ചുയർത്താൻ ആരംഭിച്ച ആറങ്ങോട്ടുകരയിലെ പെൺകൂട്ടായ്​മ സംഘത്തിന്റെ സ്ഥാപകരിലൊരാളാണ്​ അനിൽ. ഡോ. ബി ആർ അംബേദ്​കർ ദേശീയ, സംസ്ഥാന ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്​. പരേതനായ ഉണ്ണിയാക്കന്റെയും ലീലയുടെയും മകനാണ്​. ഭാര്യ ഗ്രീഷ്​മ തിരുമിറ്റക്കോട്​ പഞ്ചായത്തംഗമാണ്​. മക്കൾ: ശ്രീനന്ദൻ, ശ്രീദേവ്​.​


തയ്യാറാക്കിയത്​ സായൂജ്​ ചന്ദ്രൻ



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home