സിഐടിയു ജില്ലാ സമ്മേളനം; സെമിനാറുകൾക്ക് തുടക്കമായി
കേന്ദ്രസർക്കാർ തൊഴിലാളികളെ വർഗീയതയിലേക്ക് നയിക്കുന്നു: തോമസ് ഐസക്

വടക്കഞ്ചേരി
വർഗബോധത്തിൽ നിന്നും വർഗീയ ബോധത്തിലേക്കാണ് തൊഴിലാളികളെ കേന്ദ്രസർക്കാർ നയിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടക്കഞ്ചേരിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്തെ ഫാക്ടറികളിൽ കരാർ തൊഴിലാളികളാണ് കൂടുതൽ. ഇവർക്ക് ട്രേഡ് യൂണിയൻ പ്രവർത്തനമോ കൂട്ടായ്മയോ ഇല്ല. രാജ്യത്തെ ഫാക്ടറി മുതലാളിമാരുടെ ലാഭം 15ശതമാനമായിരുന്നത് കഴിഞ്ഞ മുപ്പത് വർഷം കൊണ്ട് 51 ശതമാനമായി. എന്നാൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യം 41 ശതമാനത്തിൽനിന്ന് 16 ശതമാനമായതായും തോമസ് ഐസക് പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ അധ്യക്ഷനായി. നവ ഫാസിസത്തിനെതിരെ തൊഴിലാളി വർഗപോരാട്ടം എന്ന വിഷയത്തിൽ കെ ടി കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, ജില്ലാ വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി സുമോദ് എംഎൽഎ, ടി കണ്ണൻ, ആലത്തൂർ ഏരിയ സെക്രട്ടറി സി ഭവദാസൻ, വടക്കഞ്ചേരി ഏരിയ സെക്രട്ടറി വി രാധാകൃഷ്ണൻ, സി കെ നാരായണൻ, കെ എൻ നാരായണൻ, ഹരിദാസ് എന്നിവർ സംസാരിച്ചു









0 comments