സൗദി കാറപകടം
കാത്തിരിക്കാൻ ഇനിയില്ല അമ്മയുടെ ഫോൺകോൾ...

കിടങ്ങൂർ : ‘‘ദിവസവും മുടങ്ങാതെ വിളിക്കും... അപകടത്തിന് തൊട്ടുമുമ്പും സംസാരിച്ചിരുന്നു’’. സൗദിയിൽ അപകടത്തിൽ മരിച്ച നഴ്സ് ജെയ്‌സിയുടെ ഭർത്താവ് ഫ്രെഡിക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല. എന്നുമെത്തുന്ന ആ ഫോൺവിളി ഇനി ഉണ്ടാകില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനായിട്ടില്ല. അമ്മയുടെ വരവും കാത്തിരുന്ന മൂന്ന് മക്കൾക്ക് ബാക്കിയായത് ഓർമകൾ മാത്രം. 18 വർഷമായി സൗദിയിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്‌സായി ജോലി ചെയ്ത് കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് നിറംപകരുകയായിരുന്നു ജെയ്‌സിമോൾ.
മക്കളുടെ പഠനവും കുടുംബചെലവുകളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം ജെയ്‌സിമോളുടെ ജോലിയെ ആശ്രയിച്ചായിരുന്നു. ഭർതൃപിതാവിന്റെ മരണത്തെത്തുടർന്ന് ജൂലൈ 15നാണ് ജെയ്‌സി അവസാനമായി നാട്ടിലെത്തിയത്. ഡിസംബർ 26ന് വാർഷിക അവധിക്ക് വീണ്ടും നാട്ടിൽ വരാനിരിക്കെയാണ് മരണം. അപകടത്തിന് തൊട്ടുമുമ്പ് സഹപ്രവർത്തകർക്കൊപ്പം ഷോപ്പിങ്ങിന് പുറപ്പെടുമ്പോഴാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. ജെയ്‌സിയടക്കം വർഷങ്ങളായി ഒന്നിച്ച് താമസിച്ച നാല് നഴ്‌സുമാരാണ് സൗദിയിലെ അപകടത്തിൽ മരിച്ചത്. പ്ലസ്ടു പൂർത്തിയാക്കിയ ജസ്റ്റീന, എട്ടാം ക്ലാസ് വിദ്യാർഥിനി ജൂഡിത്, മൂന്നാം ക്ലാസ് വിദ്യാർഥി ജോഷ്വാ എന്നിവരാണ് ജെയ്‌സിയുടെ മക്കൾ. നാട്ടിൽ കൃഷിയും ബിസിനസും നോക്കിനടത്തുന്ന ഭർത്താവ് ഫ്രെഡിക്കും മക്കൾക്കും ജെയ്‌സിമോളുടെ വേർപാട് ഉൾക്കൊള്ളാനാകുന്നില്ല. ദിവസവും മുടങ്ങാതെ വരുന്ന ആ ഫോൺകോളും ഇനിയില്ല.
അണഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ
കടുത്തുരുത്തി : ‘അമ്മേ, കൂട്ടുകാർക്കൊപ്പം ഷോപ്പിങ്ങിന് പോകുകയാണ്...' വെള്ളിയാഴ്ച രാത്രി 9.30ഓടെ ജോബിന അമ്മ ബീനയെ ഫോണിൽ വിളിച്ച് പറഞ്ഞു. മകളുടെ ശബ്ദം അവസാനമായി കേൾക്കുകയാണെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല. മിനിറ്റുകൾക്കകം സൗദിയിൽ നിന്നെത്തിയ അപകടവാർത്ത കുടുംബത്തെ തകിടം മറിക്കുന്നതായിരുന്നു. ജോബിനയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും. വേദഗിരി ആനച്ചെരിഞ്ഞകുന്നേൽ ജോണി ജോസഫിന്റെയും ബീന ജോണിയുടെയും മകളാണ് ജോബിന. കുടുംബത്തിന്റെ പ്രതീക്ഷയും അത്താണിയുമായിരുന്നു. മൂന്നുമാസം മുമ്പാണ് 45 ദിവസത്തെ അവധിക്ക് നാട്ടിലെത്തി ജോബിന മടങ്ങിയത്.
വെള്ളിയാഴ്‌ച ജോലി കഴിഞ്ഞാണ് സഹപ്രവർത്തകർക്കൊപ്പം ഷോപ്പിങ്ങിനായി പോയത്. രാത്രി അമ്മയെ വിളിച്ച് യാത്രയെക്കുറിച്ച് പറഞ്ഞ് ഫോൺ വച്ചതിന് ഏകദേശം പത്ത് മിനിറ്റിനുശേഷമാണ് അപകടവിവരം കുടുംബത്തെ തേടിയെത്തിയത്. ചവിട്ടുവേലി സ്വദേശിയും നിലവിൽ അവധിക്ക് നാട്ടിലെത്തിയ ജോബിനയുടെ സുഹൃത്തിന്റെ ഭർത്താവുമായ ജിജോയാണ് കുടുംബത്തെ വിവരം അറിയിച്ചത്.
ലോണെടുത്തും കടംവാങ്ങിയുമാണ് ജോബിന പഠനം പൂർത്തിയാക്കിയതും വിദേശത്തേയ്ക്ക് ചേക്കേറിയതും. ഒന്നര വർഷം മുമ്പാണ് സൗദി സർക്കാരിന്റെ നടപടികൾ പൂർത്തിയാക്കി സർക്കാർ ആശുപത്രിയിൽ നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. സഹോദരൻ ജോഷ്വാ ജോണി ഫാർമസിസ്റ്റായി നാട്ടിൽ ജോലി ചെയ്യുകയാണ്. സൗദിയിലെ ഔദ്യോഗിക നടപടികൾ പൂർത്തിയാകാൻ ഏകദേശം 15 ദിവസമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. മകളെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് മാതാപിതാക്കൾ.
തമിഴ്‌നാട് സ്വദേശിനികളായ അണ്ണാ സത്യനഗറിൽ വിജയലക്ഷ്മി ജഗദീഷ്(36), തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശിനി ഹെപ്‌സിബ ദേവമണി(33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്‌ല സർക്കാർ ഡിസ്‌പെൻസറികളിലെ ജീവനക്കാരായിരുന്നു ഇവർ. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച സാധനങ്ങൾ വാങ്ങാൻ മക്ക പ്രവിശ്യയിലെ തായിഫ് റാനിയയിലേക്ക് പോകുന്നതിനിടെയാണ് അപകടം. റാനിയയിൽനിന്ന് 40 കിലോമീറ്റർ അകലെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട്.








0 comments