ഇന്ന് കോട്ടായിയിൽ തുടക്കം
ചെമ്പൈ സംഗീതോത്സവത്തിന് അരനൂറ്റാണ്ട്

വേണു കെ ആലത്തൂർ
പാലക്കാട്
അനശ്വര സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരിൽ ഗുരുവായൂർ ദേവസ്വം നടത്തുന്ന സംഗീതോത്സവത്തിന് 50 വയസ്സ് പൂർത്തിയാകുന്നു. ലോക സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗായകരും ഉപകരണവാദകരും അണിനിരക്കുന്ന അത്യപൂർവമായ സംഗീതോത്സവത്തിനാണ് അദ്ദേഹത്തിന്റെ ജന്മദേശമായ കോട്ടായിയിൽ ഞായറാഴ്‌ച തുടക്കമാകുന്നത്. സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് തളി, വൈക്കം, തിരുവനന്തപുരം ശ്രീവരാഹം, തൃശൂർ സംഗീത നാടക അക്കാദമി റീജണൽ തിയറ്റർ, എന്നിവിടങ്ങളിലായി മൂന്ന് മാസം നീളുന്ന കച്ചേരികൾക്കുശേഷം നവംബർ 14ന് ഗുരുവായൂരിൽ സമാപിക്കും. നവംബർ 16ന് 51 –ാമത് ഏകാദശി സംഗീതോത്സവത്തിനും തുടക്കമാകും. 1974 ഒക്‌ടോബർ 16ന് ചെമ്പൈയുടെ വിയോഗശേഷം 1975 മുതലാണ് ഗുരുവായൂരിൽ സംഗീതോത്സവം തുടങ്ങിയത്. ചെമ്പൈ നടത്തിയിരുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകർക്ക് ഒരു ഉരുള കളഭം, ഒരു ലിറ്റർ എണ്ണ, പ്രസാദ ഉൗട്ട്, ഗുരുവായൂരപ്പന്റെ വെള്ളി ലോക്കറ്റ് എന്നിവയായിരുന്നു പ്രതിഫലം. കലാകാരന്മാർക്ക് പുത്തൻ മാളിക, അല്ലെങ്കിൽ സത്രം ബംഗ്ലാവ് എന്നിവിടങ്ങളിൽ സൗജന്യ താമസവും നൽകിയിരുന്നെന്ന് ചെമ്പൈയുടെ ബന്ധുവും ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനുമായിരുന്ന പി വി സുബ്രഹ്മണ്യൻ പറഞ്ഞു. പാടാൻ എത്തുന്നവരുടെ എണ്ണം കൂടിയതോടെ അഞ്ച് ദിവസമായിരുന്ന പരിപാടി 1983ൽ 10 ദിവസമാക്കി. പിന്നീട് 12 ഉം 1995 മുതൽ 15 ദിവസമായും ദീർഘിപ്പിച്ചു. മുവായിരത്തോളം ഗായകരും ഉപകരണവാദകരും അണിനിരക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജനകീയ സംഗീതോത്സവമാണിത്. വായ്‌പ്പാട്ടിലും ഉപകരണ സംഗീതത്തിലും പ്രാഗൽഭ്യം നേടിയവർക്കായി 2005 മുതൽ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ദേവസ്വം നൽകിവരുന്നുണ്ട്. ശ്രീകൃഷ്‌ണ രൂപം ആലേഖനം ചെയ്‌ത 10 ഗ്രാം സ്വർണപതക്കം, 50,001 രൂപ, പ്രശസ്‌തിപത്രം, പൊന്നാട എന്നിവയടങ്ങിയതാണ് പുരസ്‌കാരം. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ ജൂബിലിക്കാണ് ഞായറാഴ്‌ച തുടക്കമാകുന്നത്. കോട്ടായി ചെമ്പൈ ഗ്രാമത്തിൽ വൈകിട്ട് അഞ്ചിന് മന്ത്രി വി എൻ വാസവൻ ആഘോഷപരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂർ മുരുകൻ പറഞ്ഞു.










0 comments