കാലിത്തീറ്റയ്ക്ക് തീവില
പ്രതിസന്ധിയിലായി ക്ഷീരകർഷകർ

നിധിൻ ഇൗപ്പൻ
Published on Aug 03, 2026, 12:24 AM | 1 min read
പാലക്കാട്
മിൽമ പാൽവില ലിറ്ററിന് നാലുരൂപ കൂട്ടിയതിലൂടെ കർഷകർക്ക് ലഭിച്ച ആശ്വാസം കവർന്നെടുത്ത് വൻ കാലിത്തീറ്റ കമ്പനികൾ. 50 കിലോയുടെ കാലിത്തീറ്റയ്ക്ക് 1,500 രൂപയിൽനിന്ന് 1,657 രൂപയായി കമ്പനികൾ വിലകൂട്ടി. പിണ്ണാക്കിന് കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണ്, 20 ലിറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് ദിവസേന 10 മുതൽ 12 കിലോവരെ കാലിത്തീറ്റ വേണം. പച്ചപ്പുല്ല്, വൈക്കോൽ, പണിക്കൂലി എന്നിവ ഉൾപ്പെടെ ഒരു പശുവിനെ പരിപാലിക്കാൻ പ്രതിമാസം 15,000 രൂപയോളം ചെലവ് വരും. 10 പശുക്കളുള്ള ഫാമിൽ ചെലവ് ഒന്നര ലക്ഷത്തോളമാണ്. കർഷകർക്ക് ലിറ്ററിന് 56 രൂപ ലഭിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഉയർന്ന കൊഴുപ്പും എസ്എൻഎഫും മാനദണ്ഡമാക്കിയതിനാൽ ഭൂരിഭാഗം കർഷകർക്കും 40 മുതൽ 45 രൂപവരെ മാത്രമാണ് ലഭിക്കുന്നത്. ജേഴ്‌സി, ഹൈബ്രിഡ് പശുക്കളിൽ ഉയർന്ന കൊഴുപ്പ് ലഭിക്കുക പ്രായോഗികമല്ലാത്തതിനാൽ നൂറിൽ മൂന്നോ നാലോ പേർക്കുമാത്രമേ ഉയർന്ന വില കിട്ടുന്നുള്ളൂ. എൽഡിഎഫ് സർക്കാർ ക്ഷീരമേഖലയിൽ കാണിച്ച ശ്രദ്ധ യുഡിഎഫ് സർക്കാർ വന്നതോടെ നിലച്ചതായി കർഷകർ പറയുന്നു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും ഡോക്ടർമാരുടെയും സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കിയിരുന്നതും ഇപ്പോഴില്ല. പാൽവില എല്ലാ കർഷകർക്കും ഒരുപോലെ ലഭ്യമാക്കുക, ഫാമുകൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കാലിത്തീറ്റയ്ക്ക് വിപണി വിലനിയന്ത്രണവും സബ്സിഡിയും ഏർപ്പെടുത്തുക. എസ്എൻഎഫ് വില നിർണയ മാനദണ്ഡങ്ങളിൽ കാലാനുസൃതമായ ഇളവുകൾ അനുവദിക്കുക. ഗുണനിലവാരമുള്ള കാലിത്തീറ്റയും വാക്സിനേഷനുകളും ഉറപ്പുവരുത്തുക എന്നിവ സർക്കാർ തലത്തിൽ നടപ്പാക്കിയാൽ മാത്രമേ മുന്നോട്ട് പോകാനാകൂയെന്ന് ക്ഷീരകർഷകർ പറയുന്നു.










0 comments