കരുതലാണ് ‘കേരള കെയർ’


സായൂജ് ചന്ദ്രന്‍
Published on Oct 19, 2025, 12:00 AM | 1 min read
പാലക്കാട്
കിടപ്പുരോഗികൾക്ക് വൈദ്യപരിചരണമുറപ്പാക്കുന്ന പദ്ധതിയാണ് കേരള കെയർ. പാലിയേറ്റീവ് പരിചരണ രംഗത്ത് ലോകത്തിന് മാതൃകയായ പദ്ധതി 2024നാണ് സംസ്ഥാന സർക്കാർ ആരംഭിക്കുന്നത്. നവകേരളം കർമ പദ്ധതിയുടെ ഭാഗമായ ആർദ്രം മിഷനിലെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാനിലൂടെയാണ് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചത്. കിടപ്പിലായ എല്ലാ രോഗികൾക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സർക്കാരും സർക്കാർ ഇതര സംവിധാനങ്ങളും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിൽ സർക്കാർ മേഖലയിലെ 1500ന് മുകളിൽ യൂണിറ്റുകളും സന്നദ്ധ മേഖലയിലെ 500ന് മുകളിൽ യൂണിറ്റുകളും പരിചരണ വിഭാഗത്തിലുണ്ട്. ആയിരത്തിലധികം യൂണിറ്റുകൾ മറ്റ് പിന്തുണകളും നൽകുന്നു. തദ്ദേശസ്ഥാപനങ്ങളാണ് നേതൃത്വം നൽകുന്നത്. അതത് പ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ വിവരം ശേഖരിച്ചാണ് പ്രവർത്തനം. സ്വന്തമായി ചലിക്കാൻ കഴിയാത്തവർ, കിടക്കയിൽ സ്വയം തിരിയാൻ കഴിയുന്നവർ, പരസഹായത്തോടെ ഇരിക്കാൻ കഴിയുന്നവർ, പരസഹായമില്ലാതെ ഇരിക്കാനാകുന്നവർ, മറ്റുള്ളവരുടെ സഹായത്തോടെ എഴുന്നേൽക്കാനാകുന്നവർ എന്നിങ്ങനെ വർഗീകരിക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദ ആശുപത്രികൾ, ഹോമിയോ ഡിസ്-പെൻസറികൾ എന്നിവയെല്ലാം കേരള കെയറിന്റെ ഭാഗമാണ്. മാസത്തിലൊരിക്കൽ വീടുകളിലെത്തി പരിചരണം നൽകും. ആഴ്ചയിലൊരിക്കൽ സന്നദ്ധ പ്രവർത്തകരും രോഗികളെ സന്ദർശിക്കും. ഒരു രോഗിക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന രീതിയിലാണ് ക്രമീകരണം. വിവരങ്ങൾക്ക്: https://kerala.care/palliative-care.










0 comments