ബസ് ടിക്കറ്റുകൾക്ക് തീവില
അവധി തീരുമ്പോഴും കൊള്ളതന്നെ


സ്വന്തം ലേഖകൻ
Published on May 11, 2026, 02:00 AM | 1 min read
പാലക്കാട്
അവധി തീരുമ്പോഴും ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാതെ ദീർഘദൂര സ്വകാര്യ ബസുകൾ. സാധാരണ നിരക്കിനേക്കാളും ഉയർന്ന വിലയിലാണ് ടിക്കറ്റുകൾ വിറ്റുപോകുന്നത്. ഇതോടെ പ്രതിസന്ധിയിലായത് അവധി കഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന മലയാളികളാണ്. നിലവിൽ പാലക്കാട്ടുനിന്ന് ബംഗളൂരുവിലേക്കെത്തണമെങ്കിൽ 1,500 മുതൽ 4,000 രൂപവരെ ടിക്കറ്റ് നിരക്കാകും. ചെന്നൈയിലേക്ക് ബസിന് 3,000 രൂപവരെയുണ്ട്. 3,000 രൂപയ്‌ക്കുമുകളിലാണ് ഹൈദരാബാദിലേക്കുള്ള ടിക്കറ്റിന്. അവധിക്കാലം തുടങ്ങിയതോടെ ഏപ്രിലിലാണ് നിരക്ക് കുത്തനെ കൂടിയത്. വിഷു അടുപ്പിച്ച് ട്രെയിനുകളുടെ എണ്ണം കുറഞ്ഞതും മിക്ക ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും കേരളത്തിന് പുറത്തുള്ള മലയാളികളെ ബാധിച്ചു. ഇൗ അവസരത്തിലാണ് ബസുകൾ നിരക്ക് ബോധപൂർവം വർധിപ്പിച്ചത്. മറ്റ് വഴികളില്ലാതെ യാത്രക്കാർ ടിക്കറ്റെടുക്കാൻ നിർബന്ധിതരായി. പ്രതിഷേധം ഉയർന്നെങ്കിലും ട്രെയിൻ ഗതാഗതത്തെ തകർത്ത് സ്വകാര്യ ഏജൻസികൾക്ക് ലാഭമുണ്ടാക്കുന്ന നിലപാട് റെയിൽവേ തുടർന്നു. കഴിഞ്ഞ ഓണം, റംസാൻ ആഘോഷക്കാലത്തും റെയിൽവേയും ബസ് ഏജൻസികളും ഇതേ രീതി തുടർന്നിരുന്നു. ദീർഘദൂര ടിക്കറ്റുകൾ കൂടാതെ സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കുന്നില്ല. നിമിഷനേരംകൊണ്ടാണ് തത്‌ക്കാൽ ടിക്കറ്റുകൾ വിറ്റുപോകുന്നത്. തത്‌കാൽ ടിക്കറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവ പ്രീമിയത്തിലേക്ക് മാറ്റി നിരക്കുകൂട്ടി ഇൗടാക്കുന്ന രീതിയും റെയിൽവേ തുടരുന്നു.










0 comments