41 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ ബുള്ളറ്റ് ഇനി സായിക്ക് സ്വന്തം

സായികിരൺ ഉൾപ്പടെയുള്ളവര്‍ ബൈക്കിനൊപ്പം (പഴയ ഫോട്ടോ) | സായികിരൺ, സായികൃഷ്ണൻ, അമ്മ ചന്ദ്രിക എന്നിവർ ബൈക്കിനൊപ്പം
എം സനോജ്
Published on Mar 12, 2026, 01:22 AM | 1 min read
ഒറ്റപ്പാലം
മനസില്ലാ മനസോടെ അച്ഛൻ വിറ്റ ബുള്ളറ്റ് ബൈക്ക് പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചുമേടിച്ച സന്തോഷത്തിലാണ് മകൻ. പാലപ്പുറം 19-ാം മൈൽ പത്തൂർവളപ്പിൽ പി വി ഗംഗാധരന്റെ ജീവനായിരുന്ന ബൈക്കാണ് 41 വർഷങ്ങൾക്ക് ശേഷം മകൻ സായികിരൺ കണ്ടെത്തിയത്. 1958 മോഡൽ റോയൽ എൻഫീൽഡ് ബൈക്കാണിത്. 1972ലാണ് ഗംഗാധരൻ മറ്റൊരാളുടെ കൈയിൽനിന്ന് കെഎൽജി -8153 ബുള്ളറ്റ് വാങ്ങുന്നത്. 13 വർഷം മക്കളെ പോലെ കൊണ്ടുനടന്നു. 37 വയസുണ്ടായിരുന്ന ഗംഗാധരൻ കുടുംബത്തോടൊപ്പം സ്ഥിരംസവാരി ഇതിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 1985ൽ ലെക്കിടി സ്വദേശിക്ക് 9,300 രൂപയ്ക്ക് വിറ്റു. അന്നുമുതൽ വിഷമത്തിലായിരുന്നു. 1987ൽ അച്ഛൻ മരിച്ചു. അന്ന് സായികിരണിന്14 വയസായിരുന്നു. അക്കാലത്ത് ഒറ്റപ്പാലത്ത് രണ്ട് ബുള്ളറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സായികിരണിന്റെ അറിവ്. ആന്ധ്ര പുട്ടപർത്തിയിൽ ഹോട്ടൽ നടത്തി പ്രതിസന്ധി അതിജീവിച്ചതോടെ അച്ഛൻ വിറ്റ ബൈക്കിനായുള്ള അന്വേഷണം തുടങ്ങി. തമിഴ്നാട്ടിലടക്കം അന്വേഷണം സജീവമാക്കി. പൊളിച്ച് വിറ്റിട്ടുണ്ടാവുമെന്ന് പലരും പറഞ്ഞെങ്കിലും സായികിരൺ പിന്മാറിയില്ല. ഒടുവിൽ സഹോദരപുത്രൻ അശ്വിൻസായിയാണ് ഡിസംബറിൽ പരിവാഹൻസൈറ്റിൽ വാഹന ഉടമയുടെ വിലാസം മനസിലാക്കിയത്. വിലാസം തേടിയെത്തിയത് കണ്ണൂർ പെരിങ്ങളായി കപ്പാട് ആലക്കാട്ട് വീട്ടിൽ എ അമലിനടുത്ത്. വിൽക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞെങ്കിലും ഈ ബുള്ളറ്റുമായുള്ള വൈകാരികബന്ധം സായി വിവരിച്ചു. കുട്ടിക്കാലത്ത് ബൈക്കിൽ ഇരിക്കുന്നതിന്റെ ഫോട്ടോയടക്കം കാട്ടിയതോടെ അമലിന്റെ മനസലിഞ്ഞു. വാഹനത്തിനായി ചെലവാക്കിയ തുക നൽകി വാഹനം തിരികെ സ്വന്തമാക്കി. വീട്ടിലെത്തിയ ബുള്ളറ്റ് അമ്മ ചന്ദ്രികയ്ക്ക് അവിശ്വസനീയ കാഴ്ചയായിരുന്നു. ഒറ്റപ്പാലം നഗരസഭ എൽഡിഎഫ് കൗൺസിലറാണ് സായികിരൺ. സഹോദരങ്ങൾ: സായി ലക്ഷ്മി, സായി പ്രസന്ന, സായികൃഷ്ണൻ.










0 comments