ad
Deshabhimani

പാലമേറി കുതിക്കാം

കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് 
ഉദ്‌ഘാടനം നാളെ

കുമ്പിടി കാങ്കപ്പൂഴ റെഗു‍ലേറ്റർ കം ബ്രിഡ്‌ജ്‌

കുമ്പിടി കാങ്കപ്പൂഴ റെഗു‍ലേറ്റർ കം ബ്രിഡ്‌ജ്‌

വെബ് ഡെസ്ക്

Published on Feb 28, 2026, 12:36 AM | 1 min read

കൂറ്റനാട്

തൃത്താല മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപദ്ധതിയായ കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ ഞായറാഴ്‌ച നാടിന് സമർപ്പിക്കും. ഭാരതപ്പുഴയ്‌ക്ക്‌ കുറുകെയാണ്‌ പാലക്കാട്‌, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം. വൈകിട്ട് അഞ്ചിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കിഫ്‌ബിയിലുൾപ്പെടുത്തി 118 കോടി രൂപയിലാണ് നിർമാണം. പാലത്തിന്റെയും 29 ഷട്ടറുകളുടെയും പണി പൂർത്തിയായി. കുമ്പിടി ഭാഗത്ത് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞ്‌ റോഡ് നിർമാണം അന്തിമഘട്ടത്തിലാണ്‌. കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷി, ജലസേചനം എന്നിവയ്‌ക്കുള്ള പ്രധാന സ്രോതസ്സെന്ന നിലയിലും പദ്ധതി പ്രയോജനപ്പെടും. ജലസേചനത്തിന്റെയും കുടിവെള്ള വിതരണത്തിന്റെയും പ്രവർത്തനം 93 ശതമാനം പൂർത്തിയായി. അഞ്ചു കിലോമീറ്റർ പരിധിയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. പാലം വരുന്നതോടെ കുമ്പിടിയില്‍നിന്ന്‌ കുറ്റിപ്പുറത്തേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയും. കുമ്പിടിയില്‍നിന്ന്‌ തൃക്കണാപുരംവഴി ചുറ്റിയായിരുന്നു കുറ്റിപ്പുറത്തെത്തിയിരുന്നത്‌. 418 മീറ്റർ നീളമുള്ള റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ വീതി 11 മീറ്ററാണ്‌. ഇരുഭാഗത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. 29 ഷട്ടറുകളാണുള്ളത്. കുമ്പിടി കാങ്കപ്പുഴക്കടവിൽ 1,350 മീറ്റർ നീളത്തിലും കുറ്റിപ്പുറം കാങ്കപ്പുഴക്കടവിൽ 730 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുകൾ നിർമിക്കും. തൃത്താല മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായി മാറുന്ന പദ്ധതിക്ക്‌ എം ബി രാജേഷ് തൃത്താലയുടെ ജനപ്രതിനിധിയായതോടെയാണ്‌ ചിറകുമുളച്ചത്. സർക്കാരിന്റെ വികസന ലക്ഷ്യങ്ങൾ പ്രവർത്തനം വേഗത്തിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home