ad
Deshabhimani

മുണ്ടൂർ–തൂത പാത പൂർണസജ്ജം

പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് ഇനി എളുപ്പമാർഗം

പുതിയ തൂതപാലത്തിലൂടെ വാഹന ഗതാഗതം തുടങ്ങിയപ്പോൾ

പുതിയ തൂതപാലത്തിലൂടെ വാഹന ഗതാഗതം തുടങ്ങിയപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Apr 28, 2026, 12:52 AM | 1 min read

ചെർപ്പുളശേരി

വീതി കുറവായ തൂതപ്പാലത്തിൽ കാലങ്ങളായുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ ഇനിയില്ല. ഒരുനാടിന്റെയാകെ കാത്തിരിപ്പിന് വിരാമമിട്ട് തൂത പുതിയ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുതുടങ്ങിയപ്പോൾ പാലക്കാട്–കോഴിക്കോട് റൂട്ടിൽ ചരക്കുനീക്കം എളുപ്പമായി. ചെർപ്പുളശേരി നഗരസഭയെയും മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലെയും പ്രദേശങ്ങളെ ബന്ധിപ്പിച്ച് തൂതപ്പുഴയ്‌ക്ക് കുറുകെയുള്ള പാലം 11 കോടി ചെലവിലാണ്‌ നിർമിച്ചത്. ആറ് തൂണുള്ള പാലത്തിന് 140 മീറ്റർ നീളമുണ്ട്. 10 മീറ്റര്‍ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയുമുണ്ട്. തൂണുകള്‍ 18 ഗര്‍ഡറുകള്‍കൊണ്ട് ബന്ധിപ്പിച്ചാണ് നിര്‍മാണം. റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കെഎസ്ടിപി ലോകബാങ്കിന്റെ ധനസഹായത്തോടെയാണ് തൂത–മുണ്ടൂര്‍ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിൽ പാലം നിർമിച്ചത്. 1935-ല്‍ ബ്രീട്ടീഷ് ഭരണകാലത്ത് പണിത പഴയ ചെറിയ പാലത്തിലൂടെയാണ് വാഹന ഗതാഗതം നടന്നിരുന്നത്. ജില്ലാ അതിര്‍ത്തിയിലെ തൂതപ്പുഴയ്ക്ക് കുറുകെയുള്ള നിലവിലെ പാലത്തിന്റെ വീതിക്കുറവ് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. നാലുവരിപ്പാത പ്രയോജനപ്പെടണമെങ്കില്‍ സൗകര്യപ്രദമായ പാലവും വേണമെന്നതുകൊണ്ടാണ് പുതിയ പാലം നിര്‍മിച്ചത്. പാലം ഗതാഗതത്തിന്‌ പൂർണമായും തുറന്നുനൽകിയതോടെ പാലക്കാട്ടുനിന്ന്‌ ചെർപ്പുളശേരി, തൂത–പെരിന്തൽമണ്ണ വഴി കോഴിക്കോട്ടേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. നിരവധി ചരക്ക് വാഹനങ്ങളാണ് രാത്രിയിൽ ഇതുവഴി കടന്നുപോകുന്നത്. പഴയ പാലത്തിൽ ടാറിങ് ഉൾപ്പെടെയുള്ള പൂർത്തിയാക്കി രണ്ട് പാലത്തിലൂടെയും വൺവേയായാണ് ഗതാഗതം തുടരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home