മന്ത്രി എം ബി രാജേഷിന്റെ ലേഖനങ്ങൾ പ്രകാശിപ്പിച്ചു

മന്ത്രി എം ബി രാജേഷിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം നടൻ പ്രകാശ് രാജ് ഫൈസൽ നയ്യൂരിന് നൽകി പ്രകാശിപ്പിക്കുന്നു
പാലക്കാട്
മന്ത്രി എം ബി രാജേഷിന്റെ "തെരഞ്ഞെടുത്ത ലേഖനങ്ങള്‍" പുസ്തകം നടൻ പ്രകാശ് രാജ് പ്രകാശിപ്പിച്ചു. ആദ്യപ്രതി അന്തരിച്ച കുഞ്ഞുകവയത്രി ഷെറിയുടെ അച്ഛൻ ഫൈസൽ നയ്യൂർ ഏറ്റുവാങ്ങി. തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നടന്ന പരിപാടി കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. നടൻ വി കെ ശ്രീരാമൻ അധ്യക്ഷനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആര്‍ ചന്ദ്രന്‍ മുഖ്യാതിഥിയായി. ഡോ.സി പി ചിത്രഭാനു പുസ്തക പരിചയം നടത്തി. ഹരിതം ബുക്സ് പ്രതിനിധി പ്രതാപൻ തായാട്ട്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പ്രൊഫ.പി ഗംഗാധരൻ, ചിത്രകാരൻ ഗോപു പട്ടിത്തറ, സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി , ജില്ല കമ്മിറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ , പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചു. മന്ത്രി എം ബി രാജേഷ് മറുമൊഴി നടത്തി. മന്ത്രിയുടെ വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതലുള്ള കാൽനൂറ്റാണ്ടിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് 752 പേജുകളിലുള്ളത്. ലോകം, ഇന്ത്യ, കേരളം, സാംസ്കാരികം, വിദ്യാഭ്യാസം, സ്പോർട്സ് തുടങ്ങിയ വിഷയങ്ങളിൽ പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളാണിവ. കോഴിക്കോട് ഹരിതം ബുക്സാണ് പ്രസാധകർ.
മോദി അടങ്ങുന്ന കള്ളസംഘം ലോകം നശിപ്പിക്കുന്നു: പ്രകാശ് രാജ്
പാലക്കാട്
ട്രംപും നെതന്യാഹുവും മോദിയും അടങ്ങുന്ന കള്ള സംഘം ലോകം നശിപ്പിക്കുകയാണെന്ന് നടൻ പ്രകാശ് രാജ്. മന്ത്രി എം ബി രാജേഷിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ തൃത്താലയിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ട്രംപും നെതന്യാഹുവും അടങ്ങിയിരുന്ന കള്ള സംഘത്തിൽ ഇപ്പോൾ മോദിയും ചേരുകയായിരുന്നു. ഇത്തരം സംഘത്തെ തിരിച്ചറിയുന്ന കേരളത്തിന്റെ അവബോധം പ്രശംസനീയമാണ്. അത് എല്ലായ്‌പ്പോഴും തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാനും കേരളത്തിന്റെ ദത്തുപുത്രനാണ്. യഥാർഥ കേരള സ്റ്റോറി എന്താണെന്ന് നമ്മൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം. താൻ ഇനി കൂടുതൽ സമയം കേരളത്തിൽ ഉണ്ടാകുമെന്നും കലയിലൂടെ കൂടുതൽ രാഷ്ട്രീയം പറയുമെന്നും പ്രകാശ് രാജ് പറഞ്ഞു.










0 comments