അത്രമേൽ
ഹൃദയം കൊരുത്ത അരങ്ങുകൾ

ലിസി
ജിഷ അഭിനയ
Published on Mar 27, 2025, 02:00 AM | 1 min read
പാലക്കാട്
കൈയടികൾക്കിടയിലൂടെ ആൾക്കൂട്ടത്തിൽനിന്ന് ഒരു സ്‌ത്രീ അരങ്ങിലേക്ക് വന്നു. കൈയിൽ ചുരുട്ടിവച്ച നോട്ട് തന്ന് നിറകണ്ണുകളോടെ അവർ പറഞ്ഞു–-‘‘നന്നായി. മനസ്സിൽ തട്ടുംവിധം നിങ്ങൾ അഭിനയിച്ചു’’. കാക്കയൂരിലെ ആ അനുഭവം ഓർത്തെടുക്കുമ്പോൾ അഭിനേത്രി ലിസി ദാസിന് ഇപ്പോഴും ഉൾപ്പുളകം. എൺപതുകളിൽ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു ലിസി. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലായി എത്രയോ വേദികൾ. നാടകനടിയെന്ന പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമേറെയെന്ന് ലിസിയുടെ വാക്കുകൾ. ‘‘വായനശാലാ വാർഷികം, ഉത്സവം തുടങ്ങി ഏതിനും നാടകം കളിച്ചിരുന്നു അക്കാലത്ത്. നടിമാരെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഉള്ളവർക്കാകട്ടെ താരപരിവേഷവും. തുടക്കത്തിൽ 250 രൂപയാണ് പ്രതിഫലമെങ്കിൽ പിന്നീടത് മൂവായിരമായി ഉയർന്നു. പപ്പ ജോസഫ് നാടകപ്രവർത്തകനും കെ പി എസ് പയ്യനെടത്തിന്റെ സൃഹൃത്തുമായിരുന്നു. പപ്പയുടെ നാടകതാൽപ്പര്യം എനിക്കുംകിട്ടി. കെ പി എസിന്റെ ഭരണകൂടം, അസ്ഥികൂടം, സമയം എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാലയം രാധ, ജോസ് പായമ്മൽ, തൃശൂർ ശാന്ത എന്നിവരുടെകൂടെയും അരങ്ങിലെത്തി. രവി തൈക്കാട്, ആർ ഡി പ്രഭാകരൻ, പുത്തൂർ രവി എന്നിവരുടെ സംവിധാനത്തിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു. ‘രാമൻദൈവം’ നാടകത്തിലെ അൽഫോൺസയെ നൂറിലേറെ വേദികളിൽ അവതരിപ്പിച്ചു. 1980ൽ തൃശൂർ കാരാഞ്ചിറയിൽ നടന്ന അഖില കേരള അമച്വർ നാടകമത്സരത്തിൽ മികച്ച ബാലനടിക്കുള്ള പുരസ്‌കാരം നേടി. കെ പി എസിന്റെ ‘ഭരണകൂടം’ നാടകത്തിലെ പെൺകുട്ടിയെയാണ് അവതരിപ്പിച്ചത്’’–- ലിസി പറഞ്ഞു. തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി, ശരശയ്യ, മുടിയനായ പുത്രൻ തുടങ്ങിയ നാടകങ്ങളുടെ ചില ഭാഗങ്ങൾ കോർത്തിണക്കി കെ പി എസ് അവതരിപ്പിച്ച പ്രത്യേക നാടകപരിപാടിയിൽ പ്രധാന വേഷമിട്ടു. 916, 2018 എന്നീ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. മണ്ണാർക്കാട് പെരിമ്പടാരിയിലാണ് താമസം. ഭർത്താവ്: അഡ്വ. രാമദാസ്, മക്കൾ: ലിഖിത് ദാസ്, ഹരിത് ദാസ്.









0 comments