നാല് വർഷം പിന്നിട്ടിട്ടും പ്രദേശത്തെ വെളിച്ചക്കുറവിന് പൂർണപരിഹാരമായിട്ടില്ല അപകടം കുറയ്‌ക്കാനായി കൊണ്ടുവന്ന നിയന്ത്രണങ്ങൾ നീക്കി യുഡിഎഫ് സർക്കാർ
അഞ്ചുമൂർത്തിമംഗലം ബസപകടത്തിന് നാലാണ്ട്; ഒമ്പത് ജീവനുകൾ മായാത്ത സ്മരണ

അഞ്ചുമൂർത്തി മംഗലത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് (ഫയൽ ചിത്രം)
ശിവദാസ് തച്ചക്കോട്
Published on Oct 05, 2026, 12:18 AM | 1 min read
വടക്കഞ്ചേരി
അഞ്ചുമൂർത്തിമംഗലം ദേശീയപാതയിൽ നാടിനെ നടുക്കിയ ബസപകടത്തിന് നാല് വർഷം. ഒന്പത് ജീവനുകൾ കവർന്ന ആ ദുരന്തത്തിന്റെ ഓർമകൾ മായാതെ നിൽക്കുമ്പോൾ, അപകടമേഖലയിലെ പ്രശ്നങ്ങളിന്നും തുടരുകയാണ്. 2022 ഒക്ടോബർ അഞ്ചിന് രാത്രി 11ന് കൊല്ലത്തറ ബസ് സ്റ്റോപ്പിനുസമീപമുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർഥികൾ, ഒരു അധ്യാപകൻ ഉൾപ്പെടെ ഒന്പതുപേരാണ് മരിച്ചത്. അമ്പതോളംപേർക്ക് പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കുകയും അമിതമായ ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും നിയന്ത്രിക്കുകയും ചെയ്തത്. മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണങ്ങൾ. ദേശീയപാതയിലെ വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നാലുവർഷം പിന്നിട്ടിട്ടും പ്രദേശത്തെ വെളിച്ചക്കുറവിന് പൂർണപരിഹാരമായിട്ടില്ല. സ്ഥിരം അപകടമേഖലയായ ഇവിടെ സർവീസ് റോഡ് വേണമെന്ന ആവശ്യവും ഇനിയും യാഥാർഥ്യമായിട്ടില്ല. അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം, ലൈറ്റ്, ശബ്ദ സംവിധാനങ്ങൾ എന്നിവയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താനാണ് നിലവിലെ യുഡിഎഫ് സർക്കാരിന്റെ തീരുമാനം. ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കാൻ അനുമതി നൽകാനും കഴിഞ്ഞ ദിവസം തീരുമാനിച്ചു.









0 comments