ad
Deshabhimani

പട്ടാളച്ചിട്ടയിലും 
അണയാത്ത ആട്ടവിളക്ക്‌

രാമൻകുട്ടിയും  ഭാര്യ രജനിയും കഥകളി വേഷത്തിൽ
വെബ് ഡെസ്ക്

Published on Jul 18, 2026, 02:00 AM | 1 min read

വി കെ രഘുപ്രസാദ്‌

പാലക്കാട്‌

ജീവിതസത്യങ്ങൾക്കുമുന്നിൽ സ്വപ്‌നങ്ങൾ ചിതറിപ്പോകാറുണ്ട്‌. പിന്നീടൊരിക്കലും അത്‌ അടുക്കിപ്പെറുക്കിവയ്‌ക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ, ഡോ. കലാമണ്ഡലം രാമൻകുട്ടിയുടെ കഥ മറ്റൊന്നാണ്‌. ഇമവെട്ടാൻപോലുമാകാത്ത സുരക്ഷാ ജോലിക്കിടയിലും കളിയരങ്ങിനെ മനസ്സിൽ താലോലിച്ച, അരങ്ങെന്ന സ്വപ്‌നത്തിനൊപ്പം നടന്ന കഥയാണത്‌. കഥകളിയിൽ ഏറെ പ്രചാരത്തിലുള്ള കല്ലുവഴിച്ചിട്ട സമ്മാനിച്ച കല്ലുവഴി കുയിൽത്തൊടി ഇട്ടിരാരിശ്ശ മേനോന്റെ നാട്ടിലാണ്‌ പകരാവൂർ നീറ്റുംതടത്തിൽ രാമൻകുട്ടിയുടെ ജനനം. യുപി സ്‌കൂൾ പഠനകാലത്ത്‌ അധ്യാപകർ ഓട്ടൻതുള്ളൽ വേഷത്തിൽ അരങ്ങിലെത്തിച്ചു, പിന്നീട്‌ അഭിനിവേശമായി. 1975ൽ സ്‌കൂൾ പഠനംവിട്ട്‌ 81വരെ കേരള കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു. കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി തുടങ്ങിയവർ ഗുരുക്കൻമാർ. 1982ൽ എസ്‌എസ്‌എൽസി എഴുതിയെടുത്തു. കലാമണ്ഡലത്തിൽനിന്നുതന്നെ കഥകളിയിൽ ബിരുദാനന്തര ബിരുദം. തുടർന്ന്‌, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ കഥകളി അവതരിപ്പിച്ചു. 1984ൽ സിആർപിഎഫിൽ ജോലി. തികച്ചും മറ്റൊരു ലോകം. പട്ടാളച്ചിട്ടകൾ, പക്ഷേ ഉള്ളിന്റെയുള്ളിലെ ആട്ടവിളക്ക്‌ അണയ്‌ക്കാനായില്ല. അവധിക്ക്‌ നാട്ടിലെത്തുമ്പോൾ അരങ്ങുകളിൽ നിറഞ്ഞു. കഥകളിപ്രണയം അധികാരികൾ അറിഞ്ഞതോടെ ഐസിസിആർ എംപാനൽഡ്‌ ആർട്ടിസ്റ്റായി. 2001 മുതൽ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിൽ സേവനം. അടൽ ബിഹാരി വാജ്‌പേയി, ദേവഗ‍ൗഡ, മൻമോഹൻ സിങ്‌, ഗാന്ധി കുടുംബം തുടങ്ങിയവർക്കായി സേവനം. കേന്ദ്ര സർക്കാർ അനുവദിക്കുന്ന പ്രത്യേക അവധിയിൽ ഇറ്റലി, ഗ്രീസ്, റഷ്യ, കുവൈത്ത്, തായ്‌ലൻഡ്, ജപ്പാൻ, നേപ്പാൾ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചു. വിദേശ സർവകലാശാലകൾ, ഇന്ത്യൻ എംബസികൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ച പരിപാടികളിലും പങ്കാളിയായി. സർവീസിൽനിന്ന് വിരമിച്ചശേഷം കഥകളി പരിശീലനത്തിലും പ്രചാരണത്തിലും മുഴുകി. പാലക്കാട് പകരാവൂരിൽ "കേളീരവം കഥകളിക്കളരി" സ്ഥാപിച്ച് 35 കുട്ടികൾക്ക് പരിശീലനം നൽകുന്നു. കഥകളിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ആർക്കൈവ് രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഭാര്യ തെക്കേക്കര രജനി, മക്കൾ രജീഷ്‌, രമ്യ എന്നിവരും കഥകളി രംഗത്ത്‌ സജീവമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home