പ്ലസ് വൺ അധിക ബാച്ചിൽ പ്രവേശനം തുടങ്ങി
ക്ലാസ് എന്ന് തുടങ്ങുമെന്ന് അറിയില്ല


സ്വന്തം ലേഖകൻ
Published on Jul 30, 2026, 02:00 AM | 1 min read
പാലക്കാട്
ജില്ലയിലെ എയ്‌ഡഡ് സ്‌കൂളുകളിൽ അധികമായി അനുവദിച്ച പ്ലസ് വൺ ബാച്ചിൽ പ്രവേശനം തുടങ്ങിയെങ്കിലും ക്ലാസ് എന്ന് തുടങ്ങുമെന്നതിൽ അവ്യക്തത. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഉത്തരവും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബുധനാഴ്‌ചയാണ് പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചത്. വ്യാഴാഴ്‌ചയോടെ പൂർത്തിയാകും. ജില്ലയിൽ 29 ബാച്ച് അനുവദിച്ചതിൽ 18ഉം എയ്‌ഡഡ് സ്‌കൂളുകൾക്കാണ്. ഒരു ബാച്ചിൽ 50 വിദ്യാർഥികൾ എന്ന കണക്കു പ്രകാരം 900 വിദ്യാർഥികളാണ് പ്രവേശനം നേടുക. ഇത്രയും വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് ക്ലാസ് എന്ന് തുടങ്ങുമെന്ന് അറിയാതെ വലയുന്നത്. ഓണപ്പരീക്ഷ നടത്താൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഓണപരീക്ഷ കഴിയുന്നതോടെ കലാകായിക മത്സരങ്ങളുടെയും മേളകളുടെയും കാലമാണ്. മാർച്ചിലാണ് പൊതുപരീക്ഷ. ഫെബ്രുവരിയിൽ മാതൃകാ പരീക്ഷ നടത്തണം. ജനുവരിവരെ മാത്രമേ അധ്യയനം നടത്താനാകൂ. മുറികൾ ഉൾപ്പടെ ഭൗതിക സാഹചര്യങ്ങളൊരുങ്ങി ക്ലാസ് തുടങ്ങുമ്പോഴേക്കും സമയമെടുക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ പാഠഭാഗങ്ങൾ എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും. പുതുതായി അനുവദിച്ച ബാച്ചുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതിനുള്ള നടപടി ക്രമങ്ങൾ പല സ്‌കൂളുകളും പൂർത്തീകരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ബാച്ച് അനുവദിക്കുന്ന ഘട്ടത്തിൽതന്നെ അധ്യാപക നിയമനം, ക്ലാസ് തുടങ്ങൽ, ഭൗതിക സാഹചര്യമൊരുക്കൽ എന്നീ കാര്യങ്ങളിൽ കൃത്യമായ നിർദേശങ്ങൾ ഉണ്ടാകാറുണ്ട്.










0 comments