ഭർത്താവ് ആഷിക് സാനു ഗുരുതരനിലയിൽ
കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധു മരിച്ചു

തിരുവനന്തപുരം
അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധു മരിച്ചു. കാൽനടയാത്രക്കാരിയായ പാലക്കാട് പൊൽപ്പുള്ളി കന്പിളിചുങ്കം വേർകോലി നൗഷിജ (24)യാണ് മരിച്ചത്. വെള്ളി രാവിലെ പത്തരയോടെ കവടിയാർ–- കുറവൻകോണം റോഡിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ആഷിക് സാനു, ബന്ധു പാലക്കാട് സ്വദേശി അസ്മ (25), കാൽനടയാത്രക്കാരനായ അതിഥിത്തൊഴിലാളി അലി അക്ബർ (23), എതിരെവന്ന കാർ ഓടിച്ചിരുന്ന കായംകുളം സ്വദേശി നിതീഷ് (31), യാത്രക്കാരനായ സുനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ ആഷികിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യാശുപത്രിയിലേക്കും മാറ്റി. മാർച്ച് 28നാണ് നൗഷിജയും ആഷികും വിവാഹിതരായത്. നൗഷാദിന്റെയും ലൈലയുടേയും മകളാണ് നൗഷിജ. സഹോദരി നൗഫിയ. ഹണിമൂൺ യാത്രയോടനുബന്ധിച്ചാണ് തിരുവനന്തപുരത്തെത്തിയത്. ഇവിടെ സിവിൽ സർവീസിന് പഠിക്കുന്ന അസ്മയെ കണ്ടശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. അസ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാൽനടയാത്രക്കാരെ ഇടിച്ചശേഷം റോഡിലൂടെ ചീറിപ്പാഞ്ഞ കാർ രണ്ട് ബൈക്കും മൂന്ന് കാറും ഇടിച്ചുതെറിപ്പിച്ചു. കായംകുളം സ്വദേശി നിതീഷിന്റെ കാറിലിടിച്ചാണ് നിന്നത്. കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്ളാറ്റിലെ താമസക്കാരൻ മോഹൻ തോമസ് (77) ആണ് അപകടത്തിന് കാരണമായ കാറോടിച്ചത്. രക്തസമ്മർദം കുറഞ്ഞ് ഓർമ നഷ്ടപ്പെട്ടതാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റി അപകടത്തിനിടയാക്കിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടശേഷം പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. ആഷികും നൗഷിജയും വെള്ളി പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്.
മധുവിധു തീരും മുന്പേ വിയോഗം
സ്വന്തം ലേഖകൻ

കോവളവും കന്യാകുമാരിയും കാണണം, അതിനൊപ്പം ഇതുവരെ കാണാത്ത സ്ഥലങ്ങളിലേക്കും പോകണം. തിരുവനന്തപുരം യാത്രക്കായി കഴിഞ്ഞദിവസം തയ്യാറെടുക്കുമ്പോൾ നൗഷിജയും ആഷിക്കും തമ്മിലുള്ള ചർച്ചയായിരുന്നു. വ്യാഴം രാത്രി കൊടുവായൂരിൽനിന്ന് അവരെ ബസ് കയറ്റി വിടുമ്പോൾ ഇങ്ങനൊരു യാത്രയായിത്തീരുമെന്ന് കരുതിയില്ലെന്ന് വിതുമ്പലോടെ ആഷിക്കിന്റെ ബാപ്പ നിജാമുദീൻ പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ആഷിക് മെയ് 16 ന് മടങ്ങാനിരിക്കുകയായിരുന്നു. അതിനുമുന്പ് ഒന്നിച്ച് യാത്ര പോകണമെന്ന ആഗ്രഹവുമായാണ് തിരുവനന്തപുരത്തേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ ശേഷം വിളിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ പിന്നീട് നൗഷിജയുടെ മരണവിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങൾ.നടപ്പാതയിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് ഇരുവർക്കും പരിക്കേറ്റെന്ന വിവരമാണ് ആദ്യമെത്തിയത്. ആഷിക് നൗഷിജയുടെ മരണവിവരമറിഞ്ഞിട്ടില്ല.










0 comments