രാസവസ്തു ചോർന്നു
തോലനൂരിൽ പാടത്തേക്ക് ടാങ്കർ ലോറി മറിഞ്ഞു

കുഴൽമന്ദം
തോലനൂർ പൂളയ്ക്കപ്പറമ്പ് പാടത്തേക്ക് മറിഞ്ഞ ടാങ്കർ ലോറിയിൽനിന്ന് രാസവസ്തു ചോർന്നു. ഒന്നര കിലോമീറ്റർ ദൂരത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. തരൂരിൽനിന്ന് തോലനൂർ ഭാഗത്തേക്കുവന്ന ലോറിയാണ് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ നെച്ചൂർ ആങ്കര സ്വദേശി ഓമനക്കുട്ടന് (42) അപകടത്തിൽ പരിക്കേറ്റിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനാലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിൽ ഏകദേശം 28,000 ലിറ്റർ ടോൾവിൻ രാസവസ്തുവാണ് ഉണ്ടായിരുന്നത്. തെലങ്കാനയിലെ ഡോ. റെഡ്ഡി എന്ന ലാബിലേക്ക് ബിപിസിഎൽ എറണാകുളത്തുനിന്ന് കൊണ്ടുപോകുകയായിരുന്നു. മെഡിസിന് ഉപയോഗിക്കുന്ന രാസവസ്തുവാണിത്. വ്യാഴം പകൽ 11.15നാണ് അപകടം. ആലത്തൂർ അഗ്നിശമനാ സേന ഉദ്യോഗസ്ഥരും കോട്ടായി പൊലീസും സംഭവസ്ഥലത്ത് എത്തി. പകൽ ഒന്നരയോടെ ടാങ്കർ ലോറിയിൽ നേരിയതോതിൽ ചോർച്ച രൂപപ്പെട്ടു. പ്രദേശത്തുവന്ന ആളുകൾക്കും ഉദ്യോഗസ്ഥർക്കും ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി സഹദേവൻ, ആലത്തൂർ തഹസിൽദാർ ശരവണൻ, പാലക്കാട് അഗ്നിരക്ഷാ സേന മേധാവി ആർ ടി റിഫീജ്, ആലത്തൂർ അഗ്നിശമനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി കെ വിനോദ്കുമാർ, കോട്ടായി സർക്കിൾ ഇൻസ്പെക്ടർ ഷിജോ വർഗീസ്, കോട്ടായി, ആലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, കുത്തനൂർ രണ്ട് വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ യോഗംചേർന്ന് അപകടം നടന്ന സ്ഥലത്തെ ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. കുട്ടികളും ഗർഭിണികളും രോഗികളും വയോജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. തോലനൂർ ഭാഗത്തുനിന്ന് ആലത്തൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ തോലനൂർ സെന്ററിൽനിന്നും പേഴുങ്കോട് നെച്ചൂർ വഴി തിരിച്ചുവിട്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആലത്തൂർ ഭാഗത്തുനിന്ന് വരുന്നവർ നെച്ചൂർ വഴി പേഴുങ്കോട് വഴിയും പോകണം. വെള്ളിയാഴ്ച രാവിലെയാവുമ്പോഴേക്കും കോയമ്പത്തൂരിൽനിന്ന് മറ്റൊരു ടാങ്കർ ലോറിയെത്തിച്ച് ഇന്ധനം മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇന്ധനം മാറ്റിയാലുടൻ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും.









0 comments