ad
Deshabhimani

89ലും വിശ്രമമില്ലാതെ അമ്മാളു

മുളയിൽ നെയ്‌ത ജീവിതം

A life woven in bamboo
avatar
ആർ ജനാർദനൻ

Published on Dec 18, 2025, 12:00 AM | 1 min read

കുഴൽമന്ദം

വട്ടിയും കുട്ടയും മുറവുമൊക്കെ ഒരുക്കാൻ മുള കൈയിലെടുത്താൽ പിന്നെ അമ്മാളുവിന്‌ ഒരു ആവേശമാണ്‌. വാർധക്യത്തിന്റെ ആലസ്യമൊന്നും 89–ാംവയസ്സിലും കുത്തനൂർ എയ്യൻകാട് വീട്ടിൽ അമ്മാളുവിനില്ല. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണ്‌. ഏഴരപ്പതിറ്റാണ്ട്‌ പിന്നിട്ടു. മടുപ്പേതുമില്ലാതെ ഇന്നും മുളയുൽപ്പന്നങ്ങൾ നിർമിക്കുന്നു. വട്ടി, കുട്ട, മുറം, പപ്പടക്കുട്ട, കോട്ടക്കയിൽ തുടങ്ങിയവ നിർമിച്ച് വീടുകളിലെത്തിയാണ്‌ വിൽപ്പന. ഇന്നും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് മുള ഉൽപ്പന്നങ്ങൾ നിർമിച്ചുനൽകാൻ പ്രത്യേക ഉത്സാഹമാണ്‌. കുത്തനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ്‌ ഉൽപ്പന്നങ്ങൾ നൽകുന്നത്‌. മുന്പൊക്കെ ഓരോ ദിവസവും ഓരോ പ്രദേശത്താണ്‌ പോകുക. അമ്മാളു വരുന്നത് പ്രദേശവാസികൾക്ക് അറിയാം. ഇപ്പോൾ ഫോണിൽ വിളിച്ച് ഏൽപ്പിക്കുന്നവരും ഉണ്ട്‌. അസംസ്കൃത വസ്തുക്കൾ കിട്ടാൻ ക്ഷാമമുണ്ടെങ്കിലും പ്രയാസം സഹിച്ച്‌ സംഘടിപ്പിക്കും. ഇന്നും തന്റെ ആവശ്യങ്ങൾക്കായി മക്കളുടെ മുന്നിൽ കൈനീട്ടാറില്ല. 1984ൽ നിലമ്പൂർ വഴിക്കടവിൽ മുള ശേഖരിക്കാൻ പോയ ഭർത്താവ് മുണ്ടനെ ആന ചവിട്ടിക്കൊന്നത് കുടുംബത്തെ ആകെ തകർത്തു. പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ട് എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക ആത്മധൈര്യത്തിനുമുന്നിൽ വഴിമാറി. കൈത്തൊഴിലിലൂടെ ജീവിതം നെയ്‌തെടുത്തു. മുള കൊണ്ടുണ്ടാക്കുന്ന വട്ടി, കുട്ട എന്നിവയ്‌ക്ക്‌ നാട്ടിൻപുറത്ത് പ്രിയമേറെയാണ്. മുൻകാലങ്ങളിൽ കർഷകർ നെല്ലുണക്കാനും മറ്റും പരമ്പ് അത്യാവശ്യമായിരുന്നു. ടാർപോളിൻ വന്നതോടെ പരമ്പ് കർഷകവീടുകളിൽനിന്ന് പടിയിറങ്ങി. മുറത്തിന്‌ ഇന്നും ആവശ്യക്കാരേറെയാണ്‌. ഉണ്ണികൃഷ്ണൻ, കേശവൻ, തങ്കമണി, ഗീത എന്നിവരാണ് അമ്മാളുവിന്റെ മക്കൾ. എം ഉണ്ണികൃഷ്ണൻ ബാംബൂ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റും സിപിഐ എം കുത്തനൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home