ad
Deshabhimani

8 തദ്ദേശ സ്ഥാപനങ്ങൾ കാര്‍ബൺ നെറ്റ് സീറോയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2025, 12:01 AM | 1 min read

പാലക്കാട്‌

ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ ജില്ലയിലെ എട്ട്‌ തദ്ദേശ സ്ഥാപനങ്ങൾ കാർബൺ നെറ്റ്‌ സീറോ പദവിയിലേക്ക്‌. അകത്തേത്തറ, പല്ലശന, കിഴക്കഞ്ചേരി, പൊൽപ്പുള്ളി, വെള്ളിനേഴി, ശ്രികൃഷ്ണപുരം, കേരളശേരി പഞ്ചായത്തുകളും ഒറ്റപ്പാലം നഗരസഭയുമാണ്‌ നേട്ടത്തിലേക്ക്‌ സഞ്ചരിക്കുന്നത്‌. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി ഊർജസംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, മാലിന്യസംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ ഇടപെടലുകൾ തദ്ദേശ തലത്തിൽ ഏകോപിപ്പിച്ച്‌ ജനപങ്കാളിത്തത്തോടെയാണ്‌ ക്യാമ്പയിൻ. തദ്ദേശ സ്ഥാപനങ്ങളിൽ കോർ കമ്മിറ്റി രൂപീകരിച്ചാണ്‌ പ്രവർത്തനങ്ങൾ. എട്ട്‌ തദ്ദേശ സ്ഥാപനത്തിലും ഘടക സ്ഥാപനങ്ങളിലും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുമായി ചേർന്ന് പുരപ്പുറ സോളാർ ഫീസിബിലിറ്റി സ്റ്റഡി നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സൗരോർജ പദ്ധതികൾക്കായി ഫണ്ട് വകയിരുത്തി. കൂടാതെ ഘടകസ്ഥാപനങ്ങളിൽ നിലവിലുള്ള ആകെ കാർബൺ പുറന്തള്ളലും ആ പ്രദേശത്തെ കാർബൺ സംഭരണികളുടെയും സംഭരണശേഷിയും നിർണയിക്കാനുള്ള കാർബൺ അക്കൗണ്ടിങ്ങും നടത്തി. ആകെ 20 സ്ഥാപനങ്ങളിൽ കാർബൺ അക്കൗണ്ടിങ് പൂർത്തീകരിച്ചു. നാല്‌ സ്ഥാപനങ്ങളിൽ റിപ്പോർട്ട് അവതരിപ്പിച്ച് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഊർജ സ്വയംപര്യാപ്തത കൊണ്ടുവരുന്നതിനും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും 169 അങ്കണവാടികൾക്ക് അങ്കൺജ്യോതി പദ്ധതി പ്രകാരം ഇൻഡക്ഷൻ കുക്കറും അനുബന്ധ പാത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലായി 28.5 ഏക്കറിലായി 25 പച്ചത്തുരുത്തുകളുണ്ട്. ഒരു തൈനടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി നെറ്റ് സീറോ തദ്ദേശസ്ഥാപനങ്ങളിൽ ജൂണിൽ 9,668 തൈ നട്ടു. 18 വാർഡുകൾ ഹരിത സമൃദ്ധി വാർഡായി പ്രഖ്യാപിച്ചു. തരിശുരഹിത ഗ്രാമം ക്യാമ്പയിൻ പ്രവർത്തനവും നടക്കുന്നു. മാലിന്യസംസ്കരണം, ജലസംരക്ഷണ പ്രവർത്തനങ്ങളും ഈ തദ്ദേശസ്ഥാപനങ്ങളിൽ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്‌. അടുത്തഘട്ടമായി കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലും ക്യാമ്പയിൻ തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home