സ്വകാര്യവൽക്കരണം അതിവേഗം
28 ഹെഡ്‌പോസ്റ്റ് ഓഫീസുകൾ പൂട്ടും

വി കെ രഘുപ്രസാദ്
പാലക്കാട്
തപാൽമേഖല സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സബ്‌പോസ്‌റ്റ് ഓഫീസുകൾക്കുപിന്നാലെ ഹെഡ് പോസ്റ്റ് ഓഫീസുകളും പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. പോസ്റ്റൽ ഡയറക്ടറേറ്റ് നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് 28 ഹെഡ് പോസ്റ്റ് ഓഫീസുകൾ പൂട്ടും. ഡിവിഷനിൽ 25 സബ് പോസ്റ്റ് ഓഫീസുകൾക്ക് ഒരു ഹെഡ് പോസ്റ്റ് ഓഫീസ് എന്ന കണക്കിൽ നിലനിർത്തും. ഇതോടെ 52 ഹെഡ് പോസ്റ്റ് ഓഫീസുകളിൽ 24 എണ്ണമാണ് ബാക്കിയുണ്ടാവുക. ഹെഡ് പോസ്റ്റ് ഓഫീസുകളുടെ ഘടന അവലോകനം ചെയ്യാനും ജോലിഭാരം, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ, സേവന ആവശ്യകതകൾ എന്നിവ വിലയിരുത്തി ഒരേ ഡിവിഷനിലെ മറ്റ് ഹെഡ് പോസ്റ്റ് ഓഫീസുകളെ സബ് പോസ്റ്റ് ഓഫീസുകളായി തരംതാഴ്‌ത്തുന്നത് പരിഗണിക്കാനും 30നകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു നിർദേശം. ഒരേ ഡിവിഷനിലെ ഹെഡ് പോസ്റ്റ് ഓഫീസുകളുടെ അധികാരപരിധിയിലേക്ക് ജീവനക്കാരെ സ്ഥലംമാറ്റുമ്പോൾ കൂടെക്കൂടെ ലാസ്റ്റ് പേ സർട്ടിഫിക്കറ്റുകൾ നൽകേണ്ടി വരും. ഒന്നിലധികം ഡിഡിഒ-മാർ ജിഎസ്ടി, ടിഡിഎസ്, മറ്റ് സ്റ്റാറ്റ്യൂട്ടറി റിട്ടേണുകൾ എന്നിവ ഫയൽ ചെയ്യുന്നതിൽ ആവർത്തനമുണ്ടാകുകയും ചെയ്യും. ഇൗ സാഹചര്യത്തിൽ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സാമ്പത്തിക നിയന്ത്രണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നാണ് കേന്ദ്രം പറയുന്ന ന്യായം. ഒരു ഹെഡ് പോസ്റ്റ് ഓഫീസ് പൂട്ടുമ്പോള്‍ പോസ്റ്റ് മാസ്റ്റര്‍, ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റര്‍, രണ്ട് ഹയർ സെക്‌ഷൻ ഗ്രേഡ്, 15 പോസ്റ്റല്‍ അസിസ്റ്റന്റ്, നാല് എംടിഎസ് തുടങ്ങി 25 പേരുടെ ജോലി നഷ്ടമാകും. ഇതോടെ സബ് പോസ്റ്റ് ഓഫീസുകൾവഴിയുള്ള പണമിടപാടുകൾ, തപാൽ ഉരുപ്പടി വിതരണം എന്നിവ നിയന്ത്രിക്കുന്ന ഹെഡ് ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും. ആർഎംഎസ് നിർത്തലാക്കിയും തപാൽ ഉരുപ്പടി വിതരണത്തിന് സ്വതന്ത്ര വിതരണ കേന്ദ്രങ്ങൾ തുടങ്ങിയും സ്വകാര്യവൽക്കരണത്തിന് തുടക്കമിട്ട കേന്ദ്രസർക്കാർ, സംസ്ഥാനത്ത് ഇതിനകം സബ് പോസ്റ്റ് ഓഫീസുകളും ബ്രാഞ്ച് ഓഫീസുകളുമായി 75 ഓഫീസുകൾ പൂട്ടി.









0 comments