കൽപ്പാത്തി രഥോത്സവം
ഒരുമയുടെ തേരുരുളുന്നു

പാലക്കാട്
ഒരുമയുടെയും സ്‌നേഹത്തിന്റെയും തേരുകൾ കൽപ്പാത്തിയുടെ വീഥികളിൽ ഉരുണ്ടുതുടങ്ങി. രഥോത്സവത്തിന്റെ ഒന്നാംതേര് ശനിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച രണ്ടാംതേരും തിങ്കളാഴ്ച രഥസംഗമവും നടക്കും. ശനി പകൽ 11 .45 നും 12.15നും ഇടയ്ക്കാണ് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥാരോഹണം നടന്നത്. തുടർന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ ശിവപാർവതിയും ഗണപതിയും വള്ളി- ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി പ്രദക്ഷിണം നടത്തി. പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ ഞായറാഴ്ച പകൽ 10.45നും11.15നും ഇടയ്ക്ക് രഥാരോഹണം നടക്കും. തുടർന്ന് വൈകിട്ട് നാല് മുതൽ ഏഴ് വരെ ശിവ–-മഹാഗണപതി ക്ഷേത്ര ദേവതകൾ രഥ പ്രയാണം നടത്തും. തിങ്കളാഴ്ച പഴയ കൽപ്പാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ 10.30നും 11നും ഇടയ്ക്കും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും 10.30നും ഇടയ്ക്കും രഥാരോഹണം നടക്കും. അന്ന് രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങും. അന്ന് വൈകിട്ടാണ് കൽപ്പാത്തി കാത്തിരിക്കുന്ന രഥസംഗമം. സന്ധ്യയിൽ രഥങ്ങൾ തേരുമുട്ടിയിൽ സംഗമിക്കുന്നത് കാണാൻ പതിനായിരങ്ങളെത്തും. ഒന്നാംതേര് ദിനത്തിൽതന്നെ ആയിരക്കണക്കിന് ആളുകൾ കൽപ്പാത്തിയിലേക്ക് ഒഴുകിയെത്തി. പാലക്കാടൻ അഗ്രഹാരങ്ങളുടെ ഭൂപടത്തിൽ ഉറച്ചഗ്രാമമാണ് കൽപ്പാത്തി. കാശിയിൽനിന്ന് കൊണ്ടുവന്ന് പ്രതിഷ്‌ഠിച്ച വിശ്വനാഥസ്വാമിയാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്‌ഠ. അതിനാൽ കാശിയിൽ പാതി എന്നും പിന്നീട് അത് ലോപിച്ച് കൽപ്പാത്തിയുമായി എന്നാണ് ഐതിഹ്യം. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത് നിലമ്പൂർ–-മഞ്ചേരി ഭാഗങ്ങളിൽനിന്ന് കാളവണ്ടിയിൽ ആളുകൾ കൽപ്പാത്തിയിലെത്തിയിരുന്നു.പതിവിൽനിന്ന് വ്യത്യസ്‌തമായി ഇത്തവണ ആനയ്‌ക്ക് പകരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് തേര് തള്ളിയത്.








0 comments