Deshabhimani

ബാലസംഘം ജില്ലാ കമ്മിറ്റി ഉപവാസം

സർക്കാർ ആരോഗ്യമേഖല അലങ്കോലമാക്കി

ചികിത്സാപ്പിഴവിനെ തുടർന്ന്‌ മരിച്ച നവജാതശിശുവിന്റെ അമ്മ രാജിയെ ചിണ്ടക്കിയിലെത്തിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ആശ്വസിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Nov 15, 2026, 02:00 AM | 2 min read

അഗളി

അധികാരത്തിലെത്തി മാസങ്ങൾക്കകം യുഡിഎഫ്‌ സർക്കാർ ആരോഗ്യമേഖലയെ അലങ്കോലമാക്കിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. അട്ടപ്പാടിയിൽ ശിശുമരണം ആവർത്തിക്കുന്ന സാഹചര്യത്തിൽ ബാലസംഘം ജില്ലാ കമ്മിറ്റി ശിശുദിനത്തിൽ സംഘടിപ്പിച്ച ഉപവാസം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. എൻഎച്ച്‌എമ്മിന് കീഴിലെ 3,700 താൽക്കാലിക ജീവനക്കാരെ ഇ‍ൗ സർക്കാർ പിരിച്ചുവിട്ടു. പുതിയവരെ നിയമിക്കാൻ ഗ്രൂപ്പുതിരിഞ്ഞ്‌ തർക്കമാണ്‌. ആരോഗ്യ മേഖലയിൽ ഇത്തരം ഇടപെടലുകൾ പാടില്ല. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കഴിവുനോക്കിയാണ്‌ എൻഎച്ച്‌എം ഡോക്ടർമാരെ നിയമിച്ചത്‌. എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്നതെല്ലാം ഇവർ തകർക്കുകയാണ്‌. ആരോഗ്യ വകുപ്പ്‌ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്നു. 2013–15 ൽ സംസ്ഥാനത്തെ ശിശുമരണ നിരക്ക്‌ 12 ശതമാനമായിരുന്നു. 2016ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റപ്പോൾ ശിശുമരണ നിരക്ക്‌ കുറയ്‌ക്കാൻ നടപടി സ്വീകരിച്ചു. ഹൃദ്യം‍പോലുള്ള പദ്ധതികൾ തുടങ്ങി. ഇതോടെ 2020ൽ ശിശുമരണ നിരക്ക്‌ അഞ്ചുശതമാനമായി. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി നവീകരിച്ചു. മാസം തോറും അവലോകന യോഗം ചേർന്നു. പുതിയ മൂന്ന്‌ മൊബൈൽ ക്ലിനിക്കുകൾ അനുവദിച്ചു. പുതിയ തസ്‌തികകൾ സൃഷ്ടിച്ചു. ഗർഭിണിയുടേയും ഗർഭസ്ഥ ശിശുവിന്റേയും ആരോഗ്യ പരിശോധനയും എൽഡിഎ-ഫിന്റെ കാലത്ത്‌ നടത്തിയിരുന്നു. അട്ടപ്പാടിയിലെത്തിയ മന്ത്രി മുരളീധരന്‌ ഉന്നതികൾ സന്ദർശിക്കാതെ മടങ്ങാൻ മനസ്സുവന്നത്‌ എങ്ങിനെയാണ്‌. അട്ടപ്പാടിയെ പ്രത്യേകമായി കണ്ട്‌ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കാനാണ്‌ സർക്കാർ നീക്കം. സ്‌പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ ഇതിന്റെ ഭാഗമാണ്‌. അതിൽ ആരോഗ്യമേഖലയിലെ വിദഗ്‌ധരില്ലെന്നും കെ കെ ശൈലജ പറഞ്ഞു.


വിതുമ്പൽ അടക്കാനാകാതെ രാജി, 
ചേർത്തുപിടിച്ച്‌ ടീച്ചർ

സ്വന്തം ലേഖകൻ

അഗളി

ചിണ്ടക്കി ഫസ്റ്റ്‌ സൈറ്റിലെ രാജിയുടെ വീട്ടിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എത്തുമ്പോൾ സമയം പകൽ രണ്ടര. വീട്ടുമുറ്റത്തുതന്നെയുണ്ടായിരുന്നു രാജി. മുറ്റത്തിട്ട കസേരയിലിരുന്ന്‌ ഇരുവരും സംസാരിച്ചു. "കുഞ്ഞിന്‌ അനക്കമില്ലെന്ന് തോന്നിയാണ്‌ കോട്ടത്തറ ആശുപത്രിയിൽ പോയത്‌. മൂന്നരയ്ക്കുതന്നെ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറെത്തിയത് രാത്രി ഏഴിന്. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ലെന്നാണ്‌ പറഞ്ഞത്‌. കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കാണ്‌ പറഞ്ഞയച്ചത്‌. എന്തെങ്കിലും പ്രശ്നമുണ്ടെന്ന്‌ പറഞ്ഞിരുന്നെങ്കിൽ സ്വകാര്യ ആശുപത്രിയിൽ കാണിക്കുമായിരുന്നു’. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച്‌ പറഞ്ഞു മുഴുമിപ്പിക്കാനാകാതെ രാജി പൊട്ടിക്കരഞ്ഞു. ഒക്ടോബർ 27ന്‌ പുലർച്ചെയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ അഗളി ധോണിഗുണ്ട് ഉ‍ൗരിലെ സുനീഷിന്റെയും രാജിയുടെയും കുഞ്ഞ്‌ മരിച്ചത്‌. ആ ദിവസത്തെ ഓർത്തെടുക്കുമ്പോൾ രാജിക്കും കുടുംബത്തിനും കരച്ചിൽ അടക്കാനായില്ല. ആംബുലൻസ്‌ അനുവദിച്ചില്ലേ എന്ന്‌ ടീച്ചർ ചോദിച്ചപ്പോൾ സ‍ൗകര്യങ്ങളില്ലാത്ത ചെറിയ ആംബുലൻസാണ്‌ നൽകിയതെന്ന്‌ നെടുവീർപ്പോടെ രാജി പറഞ്ഞു. നഴ്‌സുമാർ ആരും വന്നില്ലേയെന്ന ടീച്ചറുടെ ചോദ്യത്തിന്‌ ഇല്ലെന്ന്‌ മറുപടി നൽകി രാജി വിതുമ്പിയപ്പോൾ ടീച്ചർ അവരെ ചേർത്തുപിടിച്ചു. പിജിയുള്ള കുട്ടിയല്ലേ, പിഎസ്‌സി പരീക്ഷ എഴുതി ജോലിനേടണമെന്നും ടീച്ചർ പറഞ്ഞു. രാജിയുടെ അമ്മ സെൽവിയെയും ടീച്ചർ ആശ്വസിപ്പിച്ചു. സിപിഐ എം അട്ടപ്പാടി ഏരിയ കമ്മിറ്റി അംഗം എൻ പി ഷാജൻ, അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്തംഗം ജോസ്‌ പനക്കാമറ്റം, എകെഎസ്‌ ജില്ലാ സെക്രട്ടറി എം രാജൻ, സംസ്ഥാന ട്രഷറർ എ പി ലാൽ, ഏരിയ സെക്രട്ടറി എസ്‌ രമേഷ്‌, പ്രസിഡന്റ്‌ ഡി മുരുകൻ, ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ്‌ എന്നിവർ ശൈലജ ടീച്ചർക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home