സർക്കാരിന്റെ അനാസ്ഥ
ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 2,530 കുടുംബങ്ങൾ

നിഖിൽ രവീന്ദ്രൻ
പാലക്കാട്
ഓണക്കാലത്ത് വിപണിയിൽ വിലക്കയറ്റം സൃഷ്ടിച്ച സർക്കാർ, പാവങ്ങൾക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയ സൗജന്യ ഓണക്കിറ്റിലും അനാസ്ഥ. 10 വർഷത്തിനിടെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇൗ ഓണത്തിന് വിപണിയിലുണ്ടായത്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഇടപെടാത്തത് ഇതിനുകാരണമായി. എല്ലാ ഓണത്തിനും പാവപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ഓണക്കിറ്റ് വിതരണം ഇത്തവണ വൈകി. ആക്ഷേപങ്ങൾ ഉയർന്നതോടെ ഉത്രാടത്തിനുമുന്പ് കൊടുത്ത് തീർക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞിട്ടും പൂർത്തിയാക്കാനായില്ല. സാധനങ്ങൾ എത്തിക്കാൻ സർക്കാർ വരുത്തിയ അനാസ്ഥയാണ് കാരണം. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 6,09,305 കിറ്റുകളാണ് കേരളത്തിലാകെ വിതരണം ചെയ്യേണ്ടിയിരുന്നത്. ജില്ലയിൽ വിതരണം ചെയ്യാനായി 49,944 കിറ്റാണ് സപ്ലൈകോ തയ്യാറാക്കിയത്. ഇതിൽ 47,414 കിറ്റ് റേഷൻകടകൾ വഴി വിതരണം ചെയ്‌തു. ഇനി 2,530 കിറ്റ് കൂടി വിതരണം ചെയ്യാൻ ബാക്കിയുണ്ട്. കിറ്റ് വിതരണം പത്തിന് തുടങ്ങി 25നകം തീർക്കുമെന്നാണ് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കിറ്റ് തയ്യാറാക്കാനുള്ള സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുന്നതിലുണ്ടായ വീഴ്‌ചയാണ് വിതരണം വൈകാനിടയാക്കിയത്. സാധനങ്ങളുടെ കുറവും അവധി ദിവസങ്ങളും കൂടി ചേർന്നതോടെ വിതരണം തുടക്കത്തിലെ പാളി. ആദ്യ ആഴ്‌ചയിൽ ജില്ലയിൽ 25,944 കിറ്റുകളാണ് സപ്ലൈകോ തയ്യാറാക്കിയെങ്കിലും 9,564 എണ്ണമാണ് വിതരണം ചെയ്യാനായത്. ഓണത്തിന്റെ ഭാഗമായി റേഷൻകട അവധിയായതും വിതരണം പൂർത്തിയാക്കാൻ തടസ്സമായി. ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ വെളിച്ചെണ്ണ, 250 ഗ്രാം വീതം തുവരപ്പരിപ്പും ചെറുപയർ പരിപ്പും, 500 ഗ്രാം കടലയും തുടങ്ങി 854 രൂപ വില വരുന്ന 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുണ്ടായിരുന്നത്. ഫലത്തിൽ ജില്ലയിൽ 2,530 കുടുംബങ്ങൾ ഓണം ആഘോഷിച്ചത് സർക്കാരിന്റെ സൗജന്യ കിറ്റ് ഇല്ലാതെയാണ്.









0 comments