സ്പിരിറ്റ് കേസിലെ പ്രതിയുടെ തോട്ടത്തിൽനിന്ന് 250 ലിറ്റർ വാഷ് പിടികൂടി

വാളയാർ
സ്പിരിറ്റ് കേസിലെ പ്രതിയുടെ വാധ്യാർചള്ളയിലെ മാവിൻ തോട്ടത്തിൽ നിന്ന് 250 ലിറ്റർ വാഷ് പൊലീസ് പിടികൂടി. വാളയാർ ഡാം റോഡ് ബംഗ്ലാകളം മാളിയം വീട്ടിൽ ഷിനോയ്(49) പാട്ടത്തിനെടുത്ത് നടത്തുന്ന തോട്ടത്തിലെ ഷെഡിൽ രണ്ട് കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. എറണാകുളം സ്വദേശി എബ്രഹാമാണ് തോട്ടത്തിന്റെ ഉടമ. തോട്ടത്തിൽനിന്ന് ഷിനോയുടെ വാഹനവും വാളയാർ പൊലീസ് കണ്ടെത്തി. അപകടത്തിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നു വാഹനം. ബുധൻ രാത്രി ഷിനോയിയുടെ വീട്ടിൽ നിന്ന് 20 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് വാഷ് കണ്ടെത്തിയത്. ചിറ്റൂരിൽ ബുധനാഴ്ച 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും എക്സൈസ് സംഘം ബുധൻ പുലർച്ചെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ഷിനോയിലെത്തിയത്. വിശദ അന്വേഷണം നടത്തുമെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്നും വാളയാർ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു.










0 comments