ചിറ്റൂർ പുഴയിൽ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

ശ്രീ ഗൗതം, അരുൺ കുമാർ
ചിറ്റൂർ
ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മധുര രാമനാഥപുരം പോത്തികുളം റൈസ് മിൽ കോളനിയിൽ പാണ്ഡി ദുരെയുടെ മകൻ ശ്രീ ഗൗതം ( 21 ) , കടലൂർ നെയ്‌വേലി പാൻറുട്ടി, സെടുത്താൻകുപ്പം, വസന്തം നഗർ കുറിഞ്ചി സ്ട്രീറ്റിൽ ചക്രവർത്തിയുടെ മകൻ അരുൺ കുമാർ ( 21 ) എന്നിവരാണ് മരിച്ചത്. ഇരുവരും കോയമ്പത്തൂർ കർപ്പകം കോളേജിലെ രണ്ടാം വർഷ ബയോടെക്നോളജി വിദ്യാർഥികളാണ്. വിളയോടി ഷൺമുഖം കോസ് വേക്ക് താഴെയുള്ള നിലംപതി പാലത്തിൽ നിന്നും പുഴയിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം. ശനി പകൽ രണ്ടിനാണ് സംഭവം. കുളിക്കുന്നതിനിടെ അരുൺകുമാർ പാലത്തിലെ ഓവിനകത്തെ ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീഗൗതമും അപകടത്തിൽപ്പെട്ടു. ശനി പകൽ 11നാണ് മൂന്ന് പെൺകുട്ടികളടക്കമുള്ള പത്തംഗം സംഘം കോയമ്പത്തൂരിൽ നിന്നും ബൈക്കിൽ ചിറ്റൂരിലെത്തിയത്. പെരുമാട്ടി മുല്ലയ്ക്കൽചള്ളയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വിളയോടി കോസ് വേയിലെത്തി . പാലത്തിന് മുകളിൽ ബൈക്ക് നിർത്തി കുളിക്കാനിറങ്ങുകയായിരുന്നു. നിലവിളികേട്ട് വഴിയാത്രക്കാർ അഗ്നിരക്ഷാസേനയെ അറിയിച്ചു. അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ ശ്രീ ഗൗതമിനെ പുറത്തെടുത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ചിറ്റൂർ, കഞ്ചിക്കോട് , പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്കൂബ ടീമും നാലര മണിക്കൂർ തിരച്ചിൽ നടത്തി, വൈകിട്ട് 6.40നാണ് അരുണ്‍കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും നിലംപതി പാലത്തിലെ ഓവിൽ കുടുങ്ങി കിടക്കുന്നതിനാൽ പിന്നെയും ഒരു മണിക്കൂർ പ്രയത്നിച്ചാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. പുഴയിലെ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഇരുവരുടെയും മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും.










0 comments