‘പവർ’ പോയി കച്ചവടവും

സ്വന്തം ലേഖകൻ
പാലക്കാട് "
പത്തുവർഷം ജനറേറ്ററിനെക്കുറിച്ച് ആലോചിച്ചിട്ടില്ല' പവർകട്ടിൽ പൊറുതിമുട്ടുമ്പോൾ ചെറുകിട കച്ചവടക്കാർക്ക് പറയാൻ ഇതൊന്നുമാത്രം. ഇവരെ സംബന്ധിച്ച് കച്ചവടം കൂടുതലായി നടക്കുന്നത് വൈകിട്ടാണ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം വന്നതോടെ കച്ചവടം തകിടംമറിഞ്ഞു. ചെറുകിട ഹോട്ടലുകളിൽ മിക്കതും രാത്രി എട്ടിനുശേഷം തുറക്കുന്നവയാണ്. മണിക്കൂറുകളോളം നീളുന്ന പവർകട്ടിൽ താൽക്കാലികമായി അടച്ചിടുകയാണിപ്പോൾ. മിക്സി, ഗ്രൈന്റർ തുടങ്ങിയവയൊന്നും പ്രവർത്തിപ്പിക്കാനാകില്ല. വെളിച്ചമില്ലാത്തതിനാൽ ഹോട്ടലുകളിലേക്ക് ആളുകളും കയറുന്നില്ലെന്ന് ഹോട്ടൽ ഉടമകളും തൊഴിലാളികളും പറയുന്നു. തുണിക്കടകളിലും ചെറുകിട സ്ഥാപനങ്ങളിലും സ്ഥിതി സമാനം. മെഴുകിതിരി വെളിച്ചത്തിൽ തുണിയുടെ നിറംപോലും മനസ്സിലാക്കാനാകില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. വൻകിട കടകൾ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ ചെറുകിടക്കാർക്ക് ജനറേറ്റർ സ്ഥാപിക്കാൻ ഇടംപോലുമില്ല. ജനറേറ്ററിന്റെ അമിത ചെലവും താങ്ങാനാകാത്തതാണ്. 72.5 കെവി ജനറേറ്റര്‍ പ്രവർത്തിപ്പിക്കുന്ന ഒരു കടയിൽ ഒരു മണിക്കൂറിന് 10 ലിറ്റർ ഡീസലെങ്കിലും വേണം. ദിവസം 1500 രൂപയോളം നഷ്ടം. ഇന്ധനവില കുതിച്ചുയരുന്നതിനാൽ ജനറേറ്റർ ഉപയോഗവും സഹായകമല്ല. വൈദ്യുതി നിയന്ത്രണം എന്നുവരെ തുടരുമെന്ന് ഉറപ്പില്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു. ഹോട്ടലുകളെ സംബന്ധിച്ചിടത്തോളം പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ ഇതുവരെയില്ലാത്ത വിലക്കയറ്റവും തലവേദനയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് രാത്രികാല ജീവിതം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കൂടുതലാണ്. വൈദ്യുതി നിയന്ത്രണം വന്നതോടെ അതിനെയും ബാധിച്ചു. കുടുംബങ്ങൾ രാത്രിയിൽ പുറത്തിറങ്ങാൻ മടിക്കുന്നു. വിനോദസഞ്ചാര മേഖലയെയും തകർക്കുന്നതാണ് വൈദ്യുതി നിയന്ത്രണം.










0 comments