തമിഴ്‌നാടിനെ ആശ്രയിക്കേണ്ട
ഖാദി വസ്‌ത്രങ്ങളുടെ വെണ്മയേറ്റാം വിളയോടിയിൽ

വേണു കെ ആലത്തൂർ
പാലക്കാട്
ഖാദി നെയ്‌ത്തുകേന്ദ്രങ്ങളിൽനിന്നുള്ള തുണിത്തരങ്ങൾ വെണ്മയുള്ളതാക്കി തേച്ചുമിനുക്കാൻ തമിഴ്‌നാടിനെ ആശ്രയിക്കേണ്ട. വിളയോടിയിലെ ബ്ലീച്ചിങ് ആൻഡ് കലണ്ടറിങ് യൂണിറ്റിൽ ഇതിന് സംവിധാനമൊരുങ്ങി. ഖാദി ബോർഡിനുകീഴിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം യൂണിറ്റ് ആരംഭിച്ചത്. മെയ് 22 നായിരുന്നു ഉദ്‌ഘാടനം. ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിച്ചു. നെയ്‌ത്തുകേന്ദ്രങ്ങളിൽനിന്ന് കൊണ്ടുവരുന്ന തുണി കോറ (മഞ്ഞ കളർ) രൂപത്തിലാണ്. ഷർട്ട്, മുണ്ട് തുടങ്ങിയവ വെളുപ്പിക്കുന്നതാണ് ബ്ലീച്ചിങ് യൂണിറ്റ്. അവയെ തേച്ചുമിനുക്കുന്നതാണ് കലണ്ടറിങ് യൂണിറ്റ്. ഇതെല്ലാം വിളയോടിയിൽ ചെയ്യാം. തമിഴ്‌നാട്ടിലെ ഈറോഡ്, പുളയമ്പട്ടി എന്നിവിങ്ങളിലെ യൂണിറ്റുകളിൽ എത്തിച്ചായിരുന്നു നേരത്തെ ഇത് ചെയ്‌തിരുന്നത്. ഖാദി ബോർഡിനുകീഴിലെ നെയ്‌ത്തുകേന്ദ്രങ്ങളിൽനിന്നുള്ള മുഴുവൻ തുണിയും വിൽപ്പനയ്‌ക്ക് ക്രമീകരിക്കാൻ ഈ സംവിധാനം അത്യാവശ്യമാണ്. എന്നാൽ, വലിയ ചെലവുവരും. അതിനാൽ ഖാദി തുണിത്തരങ്ങൾക്ക് കൂടുതൽ വിലയും ഈടാക്കേണ്ടിവരും. മുഴുവൻ തുണികളും തമിഴ്‌നാട്ടിൽ കൊണ്ടുപോയി കലണ്ടറിങ് ചെയ്യാറില്ല. വിളയോടിയിലെ യൂണിറ്റിൽ പൂർണ സജ്ജീകരണമായതോടെ തുണിയുടെ വിലയിൽ കുറവ് വരുത്താൻ കഴിയുമെന്ന് ഖാദിബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ സത്യ നിർമല പറഞ്ഞു. വിളയോടി യൂണിറ്റിൽ ഇൻസ്‌ട്രക്ടർ ഉൾപ്പെടെ നാല് ജീവനക്കാരാണുള്ളത്. ഗ്യാസ്, വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനം. ദിവസം 500 മീറ്റർ തുണി ബ്ലീച്ചിങ്, കലണ്ടറിങ് എന്നിവ ചെയ്യാം. ഈറോഡിലെ യു കെ എൻജിനിയറിങ് വർക്‌സ് ആണ് വിളയോടിയിൽ യന്ത്ര സാമഗ്രികൾ സ്ഥാപിച്ചത്. ജീവനക്കാർക്ക് പരിശീലനം നൽകി. ഓണവിപണി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഖാദിബോർഡും ജീവനക്കാരും.









0 comments