അന്തർസംസ്ഥാന ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

അന്തർസംസ്ഥാന ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
പാലക്കാട്
അതിര്‍ത്തി മേഖലയിൽ കേന്ദ്രീകരിക്കുന്ന അന്തർസംസ്ഥാന ബൈക്ക് മോഷ്ടാക്കൾ ഹേമാംബിക നഗർ പൊലീസിന്റെ പിടിയിൽ. തമിഴ്‌നാട് സൂലൂർ കാരണമ്പേട്ട പരുവയൂർ റോഡിൽ സന്തോഷ് ബാബു (18), പല്ലടം പനമ്പാളയം ബെന്തപാളയം റോഡിൽ പ്രിയദർശൻ (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 23-ന് മുട്ടിക്കുളങ്ങര ജങ്ഷനിൽനിന്ന് ജാവാ ബൈക്ക് മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. മോഷ്ടിച്ച ബൈക്ക് മറ്റൊരു ബൈക്കിലിരുന്ന് ചവിട്ടിത്തള്ളിയാണ് കടന്നുകളഞ്ഞത്. പ്രധാനപാത ഒഴിവാക്കി ചന്ദ്രനഗർ, വാളയാർ ടോൾ, എട്ടിമട സർവീസ് റോഡുകളിലൂടെയും ഇടവഴികളിലൂടെയുമാണ് തമിഴ്നാട്ടിലേക്ക് കടന്നത്. വാളയാർ ടോൾ പ്ലാസയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇരുവാഹനങ്ങൾക്കും നമ്പർ പ്ലേറ്റില്ലെന്ന് വ്യക്തമായി. ചാവടി പൊലീസ് സ്റ്റേഷനുസമീപത്തുനിന്ന് സംഘം ഡ്യൂക്ക് ബൈക്കും മോഷ്ടിച്ചു. പൊലീസിനെ വെട്ടിക്കാൻ പോത്തന്നൂരിലേതടക്കം വിവിധ കോളനികളിലൂടെയും ഉൾവഴികളിലൂടെയും നാല് മണിക്കൂറോളം വാഹനം ചവിട്ടിത്തള്ളി കൊണ്ടുപോയി. പിന്നീട് പാപ്പൻപട്ടി വഴി സൂലൂർ ജങ്ഷനിലേക്ക് കടക്കുകയായിരുന്നു.അന്വേഷണസംഘം തമിഴ്‌നാട്ടിലെ 125 നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പരിശോധിച്ച് രണ്ടാഴ്ച തിരച്ചിൽ നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും മുട്ടിക്കുളങ്ങരയിൽനിന്ന് മോഷ്ടിച്ച ജാവാ ബൈക്കും കസ്റ്റഡിയിലെടുത്തു. ചാവടിയിൽനിന്ന് മോഷ്ടിച്ച ഡ്യൂക്ക് തമിഴ്‌നാട് പൊലീസിന് കൈമാറി. ഹേമാംബിക നഗർ എസ്ഐ ഷബീബ് റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ പി മനീഷ്, കെ രജീഷ്, വി സുമേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സി വിപിൻ, ശരത്കുമാർ, ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments