ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം
കുറ്റക്കാർക്കെതിരെ നടപടി വേണം: ഡിവൈഎഫ്ഐ

കവിതയുടെ വീട് ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിക്കുന്നു
പേരാമ്പ്ര
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് കൂത്താളി കൊയ്യോടൻകണ്ടി കവിത ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്ന് കോയ്യോടൻകണ്ടി ബാബുവും ഭാര്യ കവിതയും വായ്പയെടുത്തിരുന്നു. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് വീട് ജപ്തി ചെയ്യുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. തുടർന്ന് കവിത ആത്മഹത്യ ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തെ സാവകാശംപോലും അനുവദിക്കാതെ ഒരു കുടുംബത്തെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിട്ട നടപടി മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്. പാവപ്പെട്ടവരും നിരാലംബരുമായ ജനങ്ങളെ ജപ്തിയിൽനിന്ന് സംരക്ഷിക്കാനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ പാസാക്കിയ ഏക കിടപ്പാടം സംരക്ഷണ നിയമത്തെ കാറ്റിൽപറത്തിയായിരുന്നു ബാങ്കിന്റെ നടപടിക്രമങ്ങൾ. വായ്പയുടെ പേരിൽ സാധാരണക്കാരെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത കവിതയുടെ വീട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ, ട്രഷറർ കെ എം നിനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ നികേഷ്, എം എം ജിജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ രൂപേഷ്, കെ വി അനുരാഗ് എന്നിവർ സന്ദർശിച്ചു.







0 comments