പഠനം പാതിയിലായില്ല; പറന്നുയർന്ന് വിമല

എസ്എസ്എൽസി, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളുമായി കെ വി വിമല
കോഴിക്കോട്
എട്ട് മക്കളുള്ള കുടുംബത്തിലെ സാമ്പത്തിക പരാധീനതയിൽ ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ വിമല അന്ന് ബാക്കിയാക്കിയത് പഠിക്കണമെന്ന ഏറ്റവും പ്രിയപ്പെട്ട ആഗ്രഹമായിരുന്നു. വർഷങ്ങൾ കടന്നുപോയെങ്കിലും ആ ആഗ്രഹം മങ്ങാതെ മനസ്സിൽ നിന്നു. പതിറ്റാണ്ടുകൾക്കുശേഷം 69–-ാം വയസ്സിൽ എസ്‌എസ്‌എൽസിയും പ്ലസ്‌ടുവും വിജയിച്ച് തന്റെ പഴയ സ്വപ്‌നത്തിന് അവർ പൂർണവിരാമത്തിന് പകരം വിജയചിഹ്നം കുറിച്ചു. മാവൂർ റോഡ് കാളൂർ ക്ഷേത്രത്തിന് സമീപം കള്ളത്തിങ്ങൽപറമ്പ് കുറുങ്ങോട്ട് കെ വി വിമല 2024ൽ തുല്യതയിലൂടെയാണ് പത്താംതരം വിജയിച്ചത്. സാക്ഷരതാമിഷന്റെ തന്നെ തുല്യതാപരീക്ഷയിലൂടെ 25ൽ പ്ലസ് വണ്ണും ഇൗ വർഷം പ്ലസ് ടുവും പൂർത്തിയാക്കി. പൊക്കുന്ന് കുറുത്താംവീട്ടിൽ തെങ്ങുകയറ്റത്തൊഴിലാളി പാർച്ചുക്കുട്ടിയുടെയും കാർത്ത്യായനിയുടെയും എട്ട് മക്കളിൽ നാലാമത്തെയാളാണ് വിമല. അഞ്ച് പെൺമക്കളും മൂന്ന് ആൺമക്കളുമടങ്ങിയ കുടുംബത്തിൽനിന്ന് സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാവർക്കും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും പത്താംതരം വരെ പഠിച്ചു. വിമലയുൾപ്പെടെ ബാക്കിയുള്ളവർക്ക് വളയനാട് ഗണപത് യുപി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം, ബന്ധു റീന ഇതേപോലെ പരീക്ഷയെഴുതി വിജയിച്ചത് കണ്ടപ്പോഴാണ് പഴയ ആഗ്രഹങ്ങളെല്ലാം വീണ്ടുമുദിച്ചത്. ഭർത്താവ് കെ രാജുവും മക്കൾ രജീഷും ഷിജുവും രൂപേഷും മരുമക്കൾ ഷബിതയും രജിഷയും പ്രിയയും പിന്തുണ നൽകി. രാത്രിവരെ പുസ്‌തകത്തിൽനിന്നും ഉറങ്ങാൻ നേരം യൂട്യൂബിൽ ക്ലാസ് കണ്ടുമാണ് പഠിച്ചത്. ഞായറാഴ്‌ചകളിൽ നടക്കാവ് ഗേൾസ് സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ട് വരെയുള്ള ക്ലാസിലും സ്ഥിരമായി പങ്കെടുത്തു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ സഹായത്തോടെ ഡിഗ്രി പഠിച്ചാലോ എന്ന ചിന്തയിലാണിപ്പോൾ വിമല.










0 comments