ഇന്ന് വനിതാ ദിനം
69 ലും ‘ഫിറ്റാ’ണ് *വിമലമ്മ

വിമലമ്മ
കോഴിക്കോട്
അതിരാവിലെ എണീക്കുന്നതുമുതൽ കോട്ടൂളി തറമ്മലിലെ വിമലമ്മ തിരക്കിലാണ്. ഏഴോടെ സമീപത്തെ വീട്ടിലെത്തും. അടുക്കളജോലിയൊക്കെ തീർത്ത് നേരെ ഓടുന്നത് പുതിയ ബസ് സ്‌റ്റാൻഡിലെ ജിംനേഷ്യത്തിലേക്ക്. പുഷ് അപ്പും സ്‌ക്വാട്ടും ഡംപൽ ഉയർത്തലും അങ്ങനെ ‘ഫിറ്റാ’ക്കാൻ ചെയ്യാവുന്നതൊക്കെ ചെയ്‌തിട്ട് വീണ്ടും രണ്ട് വീടുകളിലെത്തും, ജോലിക്ക്... വ്യായാമത്തിലും ജോലിയിലും വിട്ടുവീഴ്‌ചയില്ലാതെ ജീവിതത്തിന്റെ ‘യൗവ്വനം’ നിലനിർത്തുന്ന 69കാരി. അധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും പാത സമ്മാനിച്ച ‘ആരോഗ്യ’ ജീവിതത്തിലൂടെ പ്രതിസന്ധികളെയും പ്രായത്തെയും തോൽപ്പിക്കുകയാണ് വിമലമ്മ.
രണ്ടുവർഷം മുന്പ് നടുവേദനയും കാലുവേദനയും വന്നതോടെയാണ് വ്യായാമത്തെക്കുറിച്ച് ആലോചിച്ചത്. അങ്ങനെ ‘ഫൈറ്റ് ഫോർ ഫിറ്റ്’ ജിംനേഷ്യത്തിലെത്തി.
17 കിലോ ഗ്രാം കുറച്ചു. മുട്ടുകാലിന്റെയും നടുവിന്റെയും വേദന തീരെയില്ലാതായി.
ഭർത്താവ് വർഷങ്ങൾക്കുമുന്നേ മരിച്ചതിനാൽ വീട്ടുജോലി ചെയ്‌താണ് രണ്ട് മക്കളെ വളർത്തിയതും വീടുവച്ചതും.
വ്യായാമത്തിലൂടെ ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിർത്തുന്നത് മാത്രമല്ല, മനസ്സിനും ഉന്മേഷമുണ്ടാകുമെന്ന് വിമലമ്മ പറയുന്നു. ‘നമ്മുടെ മനസ്സും ആരോഗ്യവുമാണ് ഏറ്റവും വലിയ സന്പത്ത്. അതുണ്ടെങ്കിലേ എല്ലാമുള്ളൂ. ജീവിതം നമ്മുടെ ഇഷ്‌ടത്തിനനുസരിച്ച്, സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകണം, അതിന് പ്രായം തടസ്സമാകാതിരിക്കാൻ, ആരോഗ്യം വേണം. പതിവായി വ്യായാമംചെയ്യുകയാണ് ഒരുമാർഗം’– നിറസംതൃപ്‌തിയോടെ വിമലമ്മ പറയുന്നു.









0 comments