ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനം ജീവിത ലക്ഷ്യം: ഗോപിനാഥ് മുതുകാട്

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് മാന്ത്രികൻ ഗോപിനാഥ് മുതുകാട്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച 'മൈ പാരന്റ്‌സ് മൈ ഹീറോസ്' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നടക്കുന്ന 'ഇല്ല്യൂഷൻ ടു ഇൻസ്‌പിരേഷൻ' മാജിക് ഷോയുടെ മുന്നോടി ആയാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്.
ഡിഫറന്റ് ആർട്ട് സെന്ററിൽ ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കുട്ടികളാണ് മാജിക്, സംഗീതം, നൃത്തം എന്നിവയുൾപ്പെടെ വിവിധ കലകളിൽ സൗജന്യമായി പരിശീലനം നേടുന്നത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) ആണ് വരാനിരിക്കുന്ന ഒരു പ്രധാന സംരംഭംമെന്നും സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കുട്ടികളെ ശാക്തീകരിക്കുന്നതിന് ഡിഫറന്റ് ആർട്ട് സെന്റർ എന്നപോലെ ഐഐപിഡിയും പ്രവർത്തിക്കുമെന്നും മുതുകാട് പറഞ്ഞു.
ചടങ്ങിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. അനീഷ് കുര്യൻ സ്വാഗതവും മാജിക് പ്ലാനറ്റ് ഓപ്പറേഷൻസ് മാനേജർ സി കെ സുനിൽ രാജ് നന്ദിയും പറഞ്ഞു.
ഇല്യൂഷൻ ടു ഇൻസ്പിരേഷൻ ഷോയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. മലയാളം വിഭാഗത്തിൽ ഫാത്തിമ ഷെഹ്ല വി ടി (ഗവ. ഐടിഐ കോഴിക്കോട്), ക്രിസ്റ്റ മരിയ ഫെലിക്സ് (സെന്റ് മേരീസ് എച്ച്എസ്എസ്, മുള്ളൻകൊല്ലി, വയനാട്), ടി എൻ മീനാക്ഷി, ആദർശ് പി (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുണ്ടൂർ, പാലക്കാട്), അതുല്യ ഗാന്ധി വി.ടി. നാഷണൽ സർവകലാശാല, കോഴിക്കോട്, ജെഡിടി ധർമൻ എന്നിവർ വിജയികളായി. ഇംഗ്ലീഷ് വിഭാഗത്തിൽ ചൈത്ര എസ് (ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ, നടക്കാവ്, കോഴിക്കോട്), വിദ്യ ഇ (എംഎസ്എസ് പബ്ലിക് സ്‌കൂൾ, മാവലിക്കടവ്, കോഴിക്കോട്), നീരജ് കെ ദാസ് (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുണ്ടൂർ, പാലക്കാട്), ഇഷാൻവി ശ്രീദത്ത് രശ്മിത (ഭവൻസ്, കോഴിക്കോട് പെരുംതിരുത്തി) എന്നിവരും വിജയികളായി.










0 comments