തുടർച്ചയുടെ ചിറകിലേറാൻ

കൊയിലാണ്ടി
കൊയിലാണ്ടി
ഗാമയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് വാണിജ്യസംഘം 1948ൽ കപ്പലിറങ്ങിയ ചരിത്രപ്രധാനമായ കടൽത്തീരം ഇന്ന് ലോകടൂറിസത്തിലെ മനോഹര തീരങ്ങളിലൊന്നാണ്. 1957ലെ ആദ്യതെരഞ്ഞടുപ്പിന്റെ ഭാഗമായി രൂപീകരിച്ച മണ്ഡലമായ കൊയിലാണ്ടിയുടെ ഭാഗമാണ് കോഴിക്കോട് നഗരത്തിൽനിന്ന് അധികം അകലെയല്ലാത്ത കാപ്പാട്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എട്ട് കടപ്പുറങ്ങളിലൊന്നാണ് ഇന്ന് ഇൗ ബീച്ച്. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന് ധീരനേതൃത്വം നൽകിയ കുഞ്ഞാലി മരയ്ക്കാരുടെ വീരകഥകൾ കേട്ടുവളർന്ന മണ്ണ് പിന്നീട് ദേശീയപ്രസ്ഥാനത്തിന്റെയും വളക്കൂറുള്ള മണ്ണായി. കേരളഗാന്ധി കെ കേളപ്പന്റെയും കർഷകസമരത്തിന്റെ ഭാഗമായി സേലം ജയിലിൽ രക്തസാക്ഷിയായ ഗോപാലൻകുട്ടിയുടേയും വീരസ്‌മരണകൾ താലോലിക്കുന്ന മണ്ണ് കലാകേരളത്തിന് ഒട്ടനവധി പ്രതിഭകളെ സമ്മാനിച്ച ദേശംകൂടിയാണ്. 1957–ൽ ആദ്യ തെരഞ്ഞെടുപ്പിൽ പ്രജാ സോഷ്യലിസ്റ്റ് പാർടിയുടെ പി എം കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 39 വർഷത്തിനുശേഷം 1996ലാണ് സിപിഐ എം ആദ്യമായി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2001ൽ ഐൻസിയിലെ പി ശങ്കരൻ വിജയിച്ചെങ്കിലും 2006ൽ പി വിശ്വനിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചു. പിന്നെ ഒരിക്കൽപ്പോലും വലതുപക്ഷ ശക്തികൾക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കാനായില്ല. തുടർന്ന് രണ്ടുതവണകളായി കെ ദാസനും 2021–ൽ കാനത്തിൽ ജമീലയും എംഎൽഎയായി. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണനേടി വികസനരംഗത്ത് പുതുപാത തീർക്കവെയാണ് പ്രിയപ്പെട്ട എംഎൽഎ കാനത്തിൽ ജമീലയുടെ ആകസ്‌മിക വിയോഗമുണ്ടായത്. കൊയിലാണ്ടി, പയ്യോളി നഗരസഭകളും ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അറബിക്കടലിന്റെ തീരത്തുള്ള, ഏറ്റവും കൂടുതൽ കടലോരമുള്ള ഈ മണ്ഡലം.










0 comments