തോല്‍വിയില്ല; വിജയം മാത്രമായി ‘ഹോപ്’

വിജയം മാത്രമായി ‘ഹോപ്’
കോഴിക്കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് പിടിച്ചുപറി കേസിൽ അകപ്പെട്ടിരുന്നു ജീവൻ (പേര് യാഥാർഥ്യമല്ല). പ്രായപൂർത്തിയാകാത്തതിനാൽ ജയിൽ ശിക്ഷ ലഭിച്ചില്ല. എന്നാൽ, സ്കൂളിലും നാട്ടിലും നോട്ടപ്പുള്ളിയായി. പഠിപ്പിക്കാനാകില്ലെന്നും എസ്എസ്എൽസി ആയതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. പിതാവ് ഉപേക്ഷിച്ച് പോയതാണ്. അമ്മയുടെ ആകെ പ്രതീക്ഷ ജീവനായിരുന്നു. കേസിലകപ്പെട്ടപ്പോൾ കണ്ണീരോടെ ജീവന്റെ അമ്മ ജനമൈത്രി പൊലീസിനോട് ജീവിതം പറഞ്ഞു. കേരള പൊലീസിന്റെ ഹോപ് പദ്ധതിയിൽ ഉൾപ്പെടുത്തി ജീവന്റെ പഠനോത്തരവാദിത്വം ഏറ്റെടുത്തു. പൊലീസ് അകമ്പടിയിൽ ഈ വർഷം പരീക്ഷ എഴുതി. മികച്ച വിജയവും കൈവരിച്ചു. പ്ലസ് വണ്ണിന് അപേക്ഷിച്ചു. സിനിമാമേഖലയിൽ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും തുടർപഠനം ആ രീതിയിൽ ആയിരിക്കുമെന്നും ജീവൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട കഥയല്ല. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിലച്ചവർക്ക് താങ്ങും തണലുമാകുകയാണ് ഹോപ് പദ്ധതി. 2024–--25 അധ്യയനവർഷം 1426 പേരാണ് ഹോപ്പിലൂടെ പരീക്ഷ എഴുതിയത്. 815 പ്ലസ്ടുക്കാരിൽ 309 പേർ ജയിച്ചു. എസ്എസ്എൽസി പരീക്ഷ എഴുതിയ 38 പേരിൽ 32 പേർ ഉപരിപഠനയോഗ്യത നേടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻഐഒഎസ്) സ്‌കീമിൽ പരീക്ഷയെഴുതിയ 517 പേർ ഫലം കാത്തിരിക്കുന്നു. ഇതുവരെ 6671 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്താൻ സാധിച്ചു. 3996 പേർ വിജയിച്ചു.









0 comments