മനത്താനത്തുണ്ട് വൈറൽ സ്ഥാനാർഥി

പത്മനാഭൻ തെങ്ങുകയറുന്നു
ബൈജു വയലിൽ
Published on Dec 04, 2025, 12:10 AM | 1 min read
തലക്കുളത്തൂർ
തലക്കുളത്തൂർ മനത്താനത്ത് രണ്ടാം വാർഡിൽ വൈറൽ സ്ഥാനാർഥിയുണ്ട്. എൽഡിഎഫിനുവേണ്ടി ജനവിധിതേടുന്ന തെങ്ങുകയറ്റ തൊഴിലാളി എം സി പത്മനാഭൻ. പൊതുപ്രവർത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായ അദ്ദേഹമിപ്പോൾ സോഷ്യൽ മീഡിയയിലും താരമാണ്. സിപിഐ എം ചോയികുളം ബ്രാഞ്ചംഗമായ പത്മനാഭന് പൊതുപ്രവർത്തനം ജീവിതത്തിൽ അലിഞ്ഞുചേർന്നതാണ്. ഇതോടൊപ്പമാണ് തെങ്ങുകയറ്റവും. മലയോര മേഖലയായ അന്നശേരിയിൽ വാർഡിനുപുറത്തും വർഷങ്ങളായി തെങ്ങുകയറാൻ പോകും. ഒരുദിവസംപോലും ഇതിന് അവധിയില്ല. പത്മനാഭന്റെ ഒരുദിവസം ആംരഭിക്കുന്നത് പുലർച്ചെ നാലിനാണ്. പത്തോടെ തിരിച്ചെത്തിയാൽ പിന്നെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനും. ഇൗ പതിവ് തെറ്റിച്ചിപ്പോൾ രാവിലെ പ്രവർത്തകർക്കൊപ്പം വീടുകൾ കയറുന്ന തിരക്കിലാണ്. അത് കഴിഞ്ഞാണ് ജോലിക്കുപോകുന്നത്. ‘നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവരുത്. അതുകൊണ്ട് എല്ലാദിവസവും ജോലിക്ക് പോവും’ നിറചിരിയോടെ പത്മനാഭൻ പറയുന്നു. കോവിഡ് കാലത്തും സന്നദ്ധപ്രവർത്തകനായിരുന്നു. വീടുകളിൽ മരുന്നും ഭക്ഷണവും എത്തിക്കാനും സംഘാടകനായും പ്രവർത്തിച്ചു. തെങ്ങുകയറുന്നതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കർഷക തൊഴിലാളി യൂണിയൻ നോർത്ത് ഏരിയാ കമ്മിറ്റിയംഗവും സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. കെ പി അൻബിത്താണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായ ബബിത്ത് മറ്റൊരു പ്രദേശത്തുനിന്നെത്തിയാണ് മനത്താനത്ത് വാർഡിൽ മത്സരിക്കുന്നത്.









0 comments