പന്തലായനിക്കൊല്ലത്തെക്കുറിച്ച് പഠനങ്ങൾ വേണം: ചരിത്ര കോൺഫറൻസ്

പ്രഥമ എം ജി എസ് പുരസ്കാരം പ്രൊഫ. കെ ഗോപാലൻ കുട്ടിക്ക് പ്രേമലത എം ജി എസ് സമ്മാനിക്കുന്നു
കൊയിലാണ്ടി
ഇന്ത്യാ സമുദ്രത്തിലൂടെയുള്ള ലോകവ്യാപാര ശൃംഖലയിൽ പന്തലായനിക്കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങൾ നടത്തണമെന്ന് മൂന്നുദിവസമായി കൊയിലാണ്ടിയിൽ ചേർന്ന ചരിത്രകോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഫറൻസിന്റെ ഭാഗമായി തഞ്ചാവൂർ തമിഴ് സർവകലാശാലയിലെ മറൈൻ ആർക്കിയോളജി വിദഗ്‌ധൻ ഡോ. വി ശെൽവകുമാറിന്റെ നേതൃത്വത്തിൽ പന്തലായനിക്കൊല്ലത്ത് നടത്തിയ അന്വേഷണത്തിൽ 13,- 14 നൂറ്റാണ്ടുകളിൽ ചൈനയുമായി നടത്തിയ വ്യാപാരത്തിന്റെ അവശേഷിപ്പുകളായ പാത്രക്കഷ്ണങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇൗ ആവശ്യം ഉയർന്നത്. ഗവ. കോളേജിൽ നടന്നുവന്ന അന്താരാഷ്ട്ര കേരള ചരിത്ര കോൺഫറൻസിൽ ജെഎൻയു, കൊൽക്കത്ത, ഗ്ലാസ്ഗോ, ലെയ്ഡൻ തുടങ്ങിയ സർവകലാശാലകളിൽ നിന്നടക്കം 130 പ്രബന്ധങ്ങൾ വിവിധ സെഷനുകളിൽ അവതരിപ്പിക്കപ്പെട്ടു. പ്രഥമ എം ജി എസ് പുരസ്കാരം പ്രൊഫ. കെ ഗോപാലൻകുട്ടിക്ക് പ്രേമലത എം ജി എസ് സമർപ്പിച്ചു. നവതിയിലെത്തിയ ഡോ. എം ആർ രാഘവവാരിയരെ സമ്മേളനം ആദരിച്ചു. എം ആർ രാഘവവാരിയരുടെ നിരൂപണ ഗ്രന്ഥമായ സുവർണ യുഗരശ്മികൾ, ഇ ശ്രീജിത്തിന്റെ കേരളത്തിലെ വിദ്യാഭ്യാസവും വെെഞ്ജാനിക ചരിത്രവും, എസ് രാജന്ദുവിന്റെ കുടമാളൂർ ഗ്രന്ഥവരി എന്നീ കൃതികൾ പ്രകാശിപ്പിച്ചു. കേളപ്പജി സ്മാരക പ്രഭാഷണം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. അപൂർവമായ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനവും ഒരുക്കിയിരുന്നു. മികച്ച പ്രബന്ധത്തിന് ഡോ. എം എൻ പത്മനാഭൻ പുരസ്കാരം നൽകി. സമാപന സമ്മേളനം പ്രൊഫ. ഹുസൈൻ രണ്ടത്താണി ഉദ്‌ഘാടനം ചെയ്‌തു.









0 comments