പ്രതിസന്ധിയിലായി വള്ളങ്ങൾ
കടലും തിളച്ചുമറിയുന്നു: മത്സ്യലഭ്യത

കനത്ത ചൂടും മത്സ്യദൗർലഭ്യവും കാരണം ചാലിയത്ത് കരയ്ക്ക് കയറ്റിയിട്ട വള്ളങ്ങൾ
ഫറോക്ക്
കരയിൽ കത്തിക്കയറുന്ന ചൂടിന് സമാനമായി കടലിലും താപനില ക്രമാതീതമായി ഉയർന്നതോടെ മത്സ്യബന്ധനവും പ്രതിസന്ധിയിലേക്ക്. സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ ചൂട് മൂലം ഉപരിതലത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നത് മത്സ്യലഭ്യത കുറയ്‌ക്കുന്നു. പരമ്പരാഗത വള്ളങ്ങളുപയോഗിച്ച് മീൻപിടിത്തത്തിലേർപ്പെടുന്നവർക്കാണ് ചൂട് പ്രതിസന്ധിയാവുന്നത്. മുകൾത്തട്ടിലുണ്ടാവുന്ന മത്തി, അയല ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് അടിത്തട്ടിലേക്ക് ഉൾവലിയുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ മത്സ്യദൗർലഭ്യം നേരിടാറുണ്ടെങ്കിലും ഇത്തവണ കൂടുതലാണ്. മത്തിയും അയലയും മാന്തളുമെല്ലാം വഴിമാറിയപ്പോൾ നെത്തോലിയും ചെറു ചെമ്മീനുമാണ് കുറഞ്ഞതോതിലെങ്കിലും ലഭിക്കുന്നതെന്ന് ചാലിയത്തെ മത്സ്യക്കച്ചവടക്കാരനായ യഹിയ പറയുന്നു. അതേസമയം കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ മത്തി ലഭിക്കുന്നുണ്ടെന്നും യഹിയ കൂട്ടിച്ചേർത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. മത്സ്യം കൂട്ടത്തോടെ അടിത്തട്ടിലേക്ക് മാറുമ്പോൾ വള്ളക്കാർക്ക് ലഭിക്കേണ്ട വലിയ പാര ഉൾപ്പെടെയുള്ള മീനുകളെ അടിത്തട്ട് കോരിയെടുക്കുന്ന വല ഉപയോഗിച്ച് ട്രോൾ ബോട്ടുകൾ പിടിക്കുകയാണ്. ഏതാനും ആഴ്ചകളായി ബേപ്പൂരിലെ ബോട്ടുകൾക്ക് വലിയ കടുകപ്പാര സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം ചാലിയത്ത് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ തീരത്തണഞ്ഞിരിക്കയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ കരയ്‌ക്കടുപ്പിച്ചത്. കനത്ത ചൂടിൽ ബോട്ടുകൾക്കും മത്സ്യലഭ്യതയിൽ കുറവുണ്ടെന്ന് ഉടമകൾ പറയുന്നു. ജൂൺ ഒന്പതിന് ട്രോളിങ് നിരോധനം ആരംഭിക്കുന്നതിനാൽ ഇപ്പോൾ മത്സ്യം ലഭിക്കാത്തത് ലക്ഷങ്ങൾ മുടക്കി വള്ളമിറക്കിയവർ പ്രതിസന്ധിയിലാകുമെന്നതാണ് ആശങ്ക.











0 comments