ബേപ്പൂർ ഓയിൽ മിൽ തീപിടിത്തം
നാട് നടുങ്ങി, കോടികൾ നഷ്ടം

കത്തിനശിച്ച ലോറി
ഫറോക്ക്
ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന രേണുക ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ നടുക്കം മാറാതെ നാട്. ഞായർ രാത്രി പത്തരയോടെ തുടങ്ങിയ തീ പൂർണമായണച്ചത് തിങ്കൾ വൈകിട്ടോടെ. ഒരുരാവ് മുഴുവൻ പിന്നിട്ടിട്ടും അണയാത്ത അഗ്നിബാധ ബേപ്പൂരിനെയും പരിസര പ്രദേശങ്ങളെയും ആശങ്കയിലാഴ്‌ത്തി. 10 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. ബേപ്പൂർ സ്വദേശി പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ള മിൽ മക്കളായ പി അരുൺ കുമാർ, അജിത്ത് എന്നിവരാണ് നടത്തുന്നത്. നടുവട്ടം വെസ്റ്റ് മാഹിയിലെ തീരദേശത്തോട് ചേർന്നുള്ള വിശാലമായ ആറേക്കറിൽ വ്യാപിച്ച വൻകിട വെളിച്ചണ്ണ ഉൽപ്പാദന കേന്ദ്രമാണ് പൂർണമായി കത്തിനശിച്ചത്. ഫാക്ടറിയുടെ പിൻഭാഗത്തെ കൊപ്ര ഉണക്കുന്ന ഡ്രയറിന്റെ ഭാഗത്തുനിന്നാണ് തീപടർന്നത്. ഞായറാഴ്ച മിൽ അവധിയായതിനാൽ തീപിടിത്തം പുറത്തറിയാൻ വൈകി. ഒന്നരക്കോടി വിലമതിക്കുന്ന എണ്ണയാട്ടുന്ന യന്ത്രം, ഡ്രയർ, വിവിധ വാക്കിങ് മെഷീനുകൾ, ബോട്ടിൽ, കാൻ ഫില്ലിങ് മെഷീനുകൾ, വലുതും ചെറുതുമായ സംഭരണികൾ, ഇലക്ടിക്കൽ– ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ കത്തിയമർന്നു. വെളിച്ചെണ്ണ കൊണ്ടുപോകാൻ വാങ്ങിയ പുതിയ ലോറിയും അഗ്നിക്കിരയായി. 90 ടൺ വെളിച്ചെണ്ണയും 130 ടൺ കൊപ്രയും ചാമ്പലായി. ഓണത്തോടനുബന്ധിച്ച് വൻതോതിൽ ഉൽപ്പാദനം നടത്തി വിപണിയിലെത്തിക്കാനിരുന്ന വെളിച്ചെണ്ണയാണ് കത്തിത്തീർന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അഗ്നിരക്ഷാവിഭാഗത്തിന്റെ 15 യൂണിറ്റുകൾ ഒരുദിവസം നീണ്ട പ്രവർത്തനത്തിനൊടുവിലാണ് തീയണയ്‌ക്കാനായത്. നാട്ടുകാർ, തൊഴിലാളികൾ, യുവജന–സന്നദ്ധ പ്രവർത്തകർ, സിവിൽ ഡിഫൻസ് എന്നിവർക്കൊപ്പം പൊലീസിന്റെ വൻ സന്നാഹവും സഹായത്തിനെത്തി.









0 comments