മധുരം നുണഞ്ഞ് ദീപാവലി വിപണി

മുതലക്കുളത്തെ ത്രിവേണി ദീപാവലി സ്വീറ്റ് മാര്‍ക്കറ്റില്‍ നിന്ന്
കോഴിക്കോട്
ദീപാവലിയെത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ വിപണിയിൽ മധുരം നിറയുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം കൈമാറാനുള്ള മധുരപലഹാരങ്ങൾ ബേക്കറികളിൽ ഒരുങ്ങി. ഹൽവയും ജിലേബിയും മൈസൂർ പാക്കും പാൽകേക്കും നെയ്‌വടയും ബർഫിയും സോന പാപ്‌ടിയും മണികൂന്തിയും ബാദുഷയുമെല്ലാമടങ്ങിയ ദീപാവലി ഹാംപറിന് ആവശ്യക്കാരേറെയാണ്. മുതലക്കുളത്ത് കൺസ്യൂമർഫെഡ് ആരംഭിച്ച ദീപവലി മേളയിൽ 150 രൂപ മുതൽ 500 രൂപ വരെ വിലയുള്ള ഹാംപറുകൾ ലഭ്യമാണ്. ജൂബിലി ബേക്കറി വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉൽപ്പന്നങ്ങളാണ് മേളയിലുള്ളത്. പൊതുവിപണിയിൽ 330 രൂപ മുതൽ 5000 രൂപ വരെയുള്ള ദീപാവലി മിഠായികളും ലഭ്യമാണ്. വിവിധ നിലവാരത്തിലും രുചിയിലുമുള്ള മധുരങ്ങളുമായാണ് വ്യാപാര സ്ഥാപനങ്ങൾ ദീപാവലിയെ വരവേൽക്കുന്നത്. ഡ്രൈ ഫ്രൂട്‌സും നട്‌സുകളും നിറച്ചുള്ള മധുരങ്ങൾക്ക് വില കൂടുതലാണ്. വുഡൻ ബോക്സുകളിൽ മധുരം നിറച്ച പ്രീമിയം ഹാംപറുകൾ ചോദിച്ചും ആവശ്യക്കാരെത്തുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ദീപാവലി അടുത്തതോടെ ഡ്രൈ ഫ്രൂട്‌സിനും അണ്ടിപ്പരിപ്പ് ബദാമടക്കമുള്ള നട്‌സുകൾക്കും വിപണിയിൽ വില കൂടിയിട്ടുണ്ട്. കൺസ്യൂമർഫെഡ് ആഭിമുഖ്യത്തിൽ ആരംഭിച്ച ദീപാവലി മേള ത്രിവേണി ബ്രാഞ്ച് മാനേജർ കെ പി ബിജു ഉദ്‌ഘാടനം ചെയ്തു. ജൂബിലി ബേക്കറി വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി ബിനീഷ്, സെക്രട്ടറി പി സി ജെസി, വൈസ് പ്രസിഡന്റ് കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments