ബിഎൽഒമാർ ചോദിക്കുന്നു ‘എന്തിന്‌ കൊല്ലാക്കൊലചെയ്‌തു,
സമ്മർദത്തിലാക്കി?’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2025, 12:09 AM | 2 min read

കോഴിക്കോട്‌

പരക്കെ വിമർശമുയർന്നതോടെ വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനാ നടപടി നീട്ടിയിരിക്കയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. വ്യാഴാഴ്‌ച നടപടി അവസാനിക്കാനിരിക്കെയാണ്‌ 11വരെ നീട്ടിയതായി അറിയിച്ചത്‌. സമയം നീട്ടിനൽകാൻ സാധ്യതയുണ്ടായിട്ടും എന്തിനാണ്‌ തങ്ങളെ കടുത്ത സമ്മർദത്തിലേക്ക്‌ തള്ളിവിട്ടതെന്നും കൊല്ലാക്കൊലചെയ്‌തതെന്നും ചോദിക്കുകയാണ്‌ ബിഎൽഒമാർ. ‘2002ലെ വിവരങ്ങളാണ്‌ വേണ്ടത്‌. പലതും കണ്ടെത്താൻ പറ്റിയിട്ടില്ല. എസ്‌ഐആറിന്റെ അജൻഡ എന്താണെന്ന്‌ വ്യക്തമായി’ അവർ പറഞ്ഞു. നിലവിൽ ജില്ലയിലെ 60 ശതമാനത്തോളം ബിഎൽഒമാരും തങ്ങളുടെ പണി പൂർത്തിയാക്കിയതായാണ്‌ വിവരം. നവംബർ നാലുമുതലുള്ള പതിനഞ്ച്‌ ദിവസം കടുത്ത സമ്മർദത്തിലൂടെയാണ്‌ ഓരോരുത്തരും കടന്നുപോയത്‌. അതുകൊണ്ട്‌ ഫലപ്രദമായി കാര്യങ്ങൾ നിർവഹിക്കാനായിട്ടില്ല. പ്രവർത്തനങ്ങൾ പാതിവഴിയിലായി ഉഴലുന്നവരുമുണ്ട്‌. ആദ്യംമുതൽക്കെ ആശ്വാസപരമായി ഇടപെട്ടിരുന്നുവെങ്കിൽ കാര്യങ്ങൾ നന്നായി നിർവഹിക്കാനാകുമായിരുന്നു. അതിനുള്ള അവസരമാണ്‌ ഇല്ലാതാക്കിയത്‌. ഇനി സമയം നീട്ടിക്കിട്ടിയിട്ട്‌ എന്തുകാര്യമെന്നും പലരും ചോദിക്കുന്നു. ​ പാകപ്പിഴകൾ 
ഇനി
പരിഹരിക്കാനാകില്ല വളരെ സൂക്ഷ്‌മതയോടെ ചെയ്യേണ്ടിയിരുന്ന ജോലി ധൃതിയിൽ ചെയ്യിപ്പിച്ചതിനാൽ എന്തൊക്കെ പാകപ്പിഴകൾ സംഭവിച്ചുവെന്ന്‌ പലർക്കും പരിശോധിക്കാൻ പോലുമായിട്ടില്ല. പ്രശ്‌നങ്ങൾ ഇനി പരിഹരിക്കാനുമാകില്ല. ദിവസത്തിൽ 150 ഫോറംവരെ പൂരിപ്പിച്ച്‌ ഡിജിറ്റൈസ്‌ ചെയ്‌തവരുണ്ട്‌. പലതിലും പകുതി വിവരംമാത്രം നൽകി. വിവരം കിട്ടാത്തവരെ കടുംവെട്ട്‌ നടത്തി പട്ടികയിൽനിന്ന്‌ പുറത്താക്കേണ്ടിവന്നു. സ്‌കൂൾ–കോളേജ്‌ വിദ്യാർഥികളെക്കൊണ്ട്‌ ചെയ്യിപ്പിച്ചതിന്റെ വിവരവും പരിശോധിച്ചിട്ടില്ല. പകുതി വിവരം ചേർത്താൽമതി എന്ന നിർദേശമാണ്‌ പിന്നീട്‌ അവർക്ക്‌ നൽകിയത്‌. ആധാർ നന്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾപോലും വളന്റിയർമാർ ചേർത്തിട്ടില്ല. സാവകാശം നൽകുമായിരുന്നുവെങ്കിൽ കൂടുതൽ ആളുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നു. ആളുകളെ ബന്ധപ്പെടാനും കണ്ടെത്താനുമുള്ള അവസരമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഇല്ലാതാക്കിയത്‌. സ്വന്തം ബൂത്തിലെ വോട്ടർമാരെ തിരിച്ചറിഞ്ഞ്‌ ക്രമപ്പെടുത്താം, ബൂത്ത്‌ ഘടന ചിട്ടപ്പെടുത്താം എന്നായിരുന്നു പലരും ആദ്യം വിചാരിച്ചത്‌. പലവഴിക്ക്‌ വിട്ടതിനാൽ ഇതൊന്നും നിലവിൽ നടന്നിട്ടില്ല. ക്രമബദ്ധമായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സമ്മർദത്തിനടിപ്പെട്ട്‌ എല്ലാ കണക്കുകൂട്ടലും തെറ്റി. ആർക്കൊക്കെ ഫോറം കൊടുത്തു? എന്തുചെയ്‌തു എന്ന്‌ തിട്ടമില്ലാതെയാണ്‌ ഇപ്പോൾ പൂർത്തിയാക്കി എന്ന്‌ പറയാവുന്ന സ്ഥിതിയിലാക്കിയത്‌. ക്യാമ്പുകളിലെത്തി ഫോറം കൈപ്പറ്റിയ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. ഫോറം തിരിച്ചുകൊണ്ടുവന്നത്‌ വാങ്ങിയവർ തന്നെയെന്നോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, ഡിജിറ്റൈസേഷനുള്ള ആപ്പ്‌ പലതവണ പ്രവർത്തനക്ഷമമല്ലാതായി. തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ്‌ എസ്‌ഐആർ അടിച്ചേൽപ്പിച്ചത്‌. വിശ്രമരഹിതമായ യാത്ര, അധികസമയ ജോലി എന്നിവ പലരെയും മാനസികമായും ശാരീരികമായും രോഗികളാക്കി. ഹൈപ്പർ ടെൻഷൻ മൂർധന്യത്തിലെത്തിയവരുമുണ്ട്‌. ​സമയം നീട്ടിയെന്ന്‌ പറയുമ്പോഴും 11വരെ ഫോറം സ്വീകരിക്കാം എന്ന പുതിയ തീരുമാനത്തിനിടെയും അധികൃതർ സമ്മർദം തുടരുകയാണ്‌. ബിഎൽഒമാരുമായി യോഗംചേർന്ന്‌, ബൂത്തിൽ മാറിപ്പോയവരെയും ഹാജരാകാത്തവരെയും ചൊവ്വാഴ്‌ചതന്നെ അടയാളപ്പെടുത്തി നൽകണമെന്നാണ്‌ പുതിയ നിർദേശം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home