എലിയോട്ട് മലയിൽ കരിമാറൻ ആറ്റക്കിളി

എലിയോട്ട് മലയിൽ ആറ്റക്കിളി
സ്വന്തം ലേഖകൻ പേരാമ്പ്ര സംസ്ഥാനത്ത് അത്യപൂർവമായി കാണാറുള്ള കരിമാറൻ ആറ്റക്കിളിയെ (ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ) ചേളന്നൂരിലെ എലിയോട്ട് മലയിൽ കണ്ടെത്തി. പക്ഷിഗവേഷകനും അധ്യാപകനുമായ ഡോ.അബ്ദുള്ള പാലേരിയാണ് പക്ഷിയെ ക്യാമറയിൽ പകർത്തിയത്. കറുത്ത നെഞ്ചുള്ള നെയ്‌ത്തുകാരൻ എന്നറിയപ്പെടുന്ന ഇവയെ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിലെ നദീതടങ്ങളിൽ താഴ്‌ന്ന വിതാനങ്ങളിലെ പുൽമേടുകളിലും കുറ്റിക്കാടുകളിലുമാണ് കാണാറ്. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരമുള്ള എലിയോട്ട് മലയിൽ കണ്ടെത്തിയത് കൗതുകമായി. വയലുകളിലേയും പുഴയോരങ്ങളിലേയും തടാകക്കരകളിലേയും ചെറുസസ്യങ്ങളാണ് ഇഷ്ട ആവാസകേന്ദ്രങ്ങൾ. ധാന്യങ്ങളാണ് മുഖ്യാഹാരം. ആൺപക്ഷികൾ ഞാങ്ങണയും ചെളിയും ഉപയോഗിച്ച് അടച്ചിട്ട കൂട് നിർമിക്കും. കഴിഞ്ഞമാസം കണ്ണൂരിലും കോഴിക്കോട്ടെ കോട്ടപ്പള്ളിയിലും കരിമാറൻ ആറ്റക്കിളിയെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ കൂരിയാറ്റ പക്ഷിക്കൊപ്പമായിരുന്നെങ്കിൽ എലിയോട്ട് മലയിൽ തിനക്കുരുവികൾക്കൊപ്പമായിരുന്നു കരിമാറൻ ആറ്റക്കിളി. ദേശാടനപ്പക്ഷിയല്ലാത്ത കരിമാറൻ ആറ്റക്കിളി പുതിയ ആവാസങ്ങളിലേക്ക് കുടിയേറുന്നതിന്റെ ഭാഗമായാകാം കേരളത്തിലെത്തിപ്പെട്ടതെന്ന് ഡോ. അബ്ദുള്ള പാലേരി പറയുന്നു.







0 comments