സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിശമനസേന
പള്ളിഗോപുര മുകളിൽ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണു

ഈരാറ്റുപേട്ട
60 അടി ഉയരമുള്ള പള്ളിഗോപുരത്തിൽ പെയിന്റിങ് ജോലിക്കിടെ തളർന്ന് അബോധാവസ്ഥയിലായ തൊഴിലാളിയെ ഈരാറ്റുപേട്ട അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. മൂലമറ്റം കാഞ്ഞാർ സ്വദേശി അമലിനെയാണ് (30) രക്ഷപ്പെടുത്തിയത്. വ്യാഴം രാവിലെ പത്തോടെ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സിഎസ്ഐ പള്ളിയുടെ ഗോപുരത്തിലാണ് സംഭവം. ജോലിക്കിടെ ശരീരം തളർന്ന് കാലുകൾ ചലിപ്പിക്കാനാകാതെ അമൽ അബോധാവസ്ഥയിലാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ കയർ ഉപയോഗിച്ച് അമലിനെ സുരക്ഷിതമായി കെട്ടിനിർത്തി. വിവരമറിഞ്ഞെത്തിയ അഗ്‌നിശമനസേനാംഗങ്ങൾ റോപ്പും ഹാർനെസും ഉപയോഗിച്ച് യുവാവിനെ ഗോപുരത്തിൽനിന്ന് സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യമായ ആസൂത്രണവും സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനം വിജയകരമാക്കി. എഎസ്ഒ സതീഷ് ജോസ്, എസ്എഫ്ആർഒ ഷിബു മുരളി, ഡ്രൈവർ ഷാരോൺ, ഫയർമാൻമാരായ സുനി മോഹൻ, ശ്രീജിത്, അക്ഷയ്, അർജുൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.








0 comments