ഫറോക്കിലെ കൊട്ടിക്കലാശത്തിൽ കുഴപ്പമുണ്ടാക്കാനുള്ള ഷാഫിയുടെ ശ്രമം പാളി

ഫറോക്ക് ടൗണിൽ എൽഡിഎഫ് കൊട്ടിക്കലാശത്തിലേക്ക് ഷാഫി പറമ്പിലിനൊപ്പം വാഹനത്തിലെത്തിയവര്‍ കുഴപ്പമുണ്ടാക്കുന്നു
ഫറോക്ക് കൊട്ടിക്കലാശത്തിന്റെ മറവിൽ ഫറോക്കിൽ കുഴപ്പമുണ്ടാക്കാനുള്ള കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംപിയുടെ ശ്രമം പൊളിഞ്ഞു. സ്ഥാനാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ എൽഡിഎഫ് സംഘത്തിന്റെ കൊട്ടിക്കലാശത്തിനരികെ ബൈക്ക് റാലിയുമായെത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സംയമനംപാലിച്ചതോടെ പദ്ധതി പാളുകയായിരുന്നു. പൊലീസുമായി നേരത്തെയുണ്ടാക്കിയ ധാരണപ്രകാരം ഓരോമുന്നണികൾക്കും ഫറോക്ക് നഗരത്തിൽ കൊട്ടിക്കലാശത്തിന് പ്രത്യേകം സ്ഥലം നിശ്ചയിച്ചിരുന്നു. ഇൗ സ്ഥലത്ത് എൽഡിഎഫ് പ്രവർത്തകർ വൈകിട്ട് നാലുമുതൽ കേന്ദ്രീകരിച്ച് പരിപാടി നടത്തി. പരിപാടി അവസാനിക്കാൻ അഞ്ച് മിനുട്ട് ബാക്കിനിൽക്കെ,യുഡിഎഫിന് നിശ്ചയിച്ച റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് പോകാതെ എൽഡിഎഫ് പ്രവർത്തകർക്കടുത്തെത്തി ഷാഫിയുടെ വാഹനം നിർത്തി.ഇതോടൊപ്പം ഒരുസംഘം പ്രവർത്തകരും ആക്രോശിച്ച് അടുത്തെത്തിയതോടെ സംഘർഷത്തിന്റെ വക്കിലെത്തി. ഉടൻ സ്ഥലത്തുണ്ടായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് എൽഡിഎഫ് പ്രവർത്തകരോട് സംയമനംപാലിക്കാൻ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ വാക്കേറ്റം തുടങ്ങിയപ്പോഴും എൽഡിഎഫുകാർക്കരികിൽ വാഹനത്തിന് മുകളിൽനിന്ന് പ്രസംഗിക്കാൻ ഒരുങ്ങുകയായിരുന്നു ഷാഫി. യുഡിഎഫ് നേതാക്കളും പ്രസംഗിക്കാൻ നിർബന്ധിക്കുന്നത് കാണാമായിരുന്നു. സംഘർഷത്തിലേക്ക് നീങ്ങുമെന്നായതോടെ ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത് എത്തി മുന്നോട്ട് നീങ്ങാൻ ആവശ്യപ്പെടുമ്പോഴേക്കും പ്രചാരണ സമയം അവസാനിച്ച് പ്രസംഗിക്കാനാവാതെ നാണക്കേടിലായി. തുടർന്നും യുഡിഎഫ് പ്രകോപനത്തിന് ശ്രമിച്ചെങ്കിലും എൽഡിഎഫ് പ്രവർത്തകർ പിൻവലിഞ്ഞതിനാൽ കുഴപ്പമുണ്ടാക്കാനുള്ള അവസാന ശ്രമവും പാളി. വൈകിട്ട് രാമനാട്ടുകരയിലും കൊട്ടിക്കലാശത്തിൽ സംഘർഷമുണ്ടാക്കാനുള്ള ഷാഫിയുടെ ശ്രമം പാളിയിരുന്നു.









0 comments