കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മൂന്നാമത്തെ നേതാവ്
അഴിയൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ

ഒഞ്ചിയം
അഴിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ. രണ്ട് തവണ വടകര ബ്ലോക്ക് പഞ്ചായത്തിലെ അഴിയൂർ, കല്ലാമല ഡിവിഷനുകളിൽനിന്ന് യുഡിഎഫ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ പി ജയകുമാറാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം അഴിയൂരിലെ മുതിർന്ന കോൺഗ്രസ് ദമ്പതികളായ തോട്ടത്തിൽ ശശിധരനും മഹിജയും ബിജെപിയിൽ ചേർന്നിരുന്നു. കോഴിക്കോട് നോർത്ത് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ജയകുമാറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ജയകുമാർ ബിജെപിയിൽ അംഗത്വമെടുത്തത്. ലീഗും ആർഎംപിയും നിയന്ത്രിക്കുന്ന പാർടിയായി കോൺഗ്രസ് മാറിയെന്നും കുടുംബാധിപത്യവും ഏകാധിപത്യവും കോൺഗ്രസിനെ നശിപ്പിച്ചെന്നും ജയകുമാർ പറഞ്ഞു. 2015 ചോറോട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു ജയകുമാർ. മുല്ലപ്പള്ളി രാമചന്ദ്രന്റെ അടുത്ത അനുയായികളായ കെ പി ജയകുമാറിന്റെയും തോട്ടത്തിൽ ശശിധരന്റെയും മഹിജയുടെയും രാജി അഴിയൂരിലെ കോൺഗ്രസിനെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കി.









0 comments