Deshabhimani

തീര്‍ക്കാം വായനയുടെ പെരുമഴക്കാലം

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം സംസ്ഥാന പ്രസിഡന്റ് ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം സംസ്ഥാന പ്രസിഡന്റ് ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 01:05 AM | 2 min read

കോഴിക്കോട്‌

അക്ഷരങ്ങളെയും എഴുത്തിനെയും സ്‌നേഹിക്കുന്നവർക്ക്‌ ഇനി മൂന്നുനാൾ വായനാവസന്തം. ജില്ലാ ലൈബ്രറി ക‍ൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 22ാമത്‌ കോഴിക്കോട്‌ ബുക്ക്‌ ഫെസ്‌റ്റിന്‌ കല്ലൂത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്‌ ഗ്ര‍ൗണ്ടിലെ സി കുഞ്ഞമ്മദ്‌ നഗറിൽ തിങ്കളാഴ്‌ച ആവേശകരമായ തുടക്കം. നൂറുകണക്കിന്‌ പ്രസാധകർ പങ്കെടുക്കുന്ന പുസ്‌തകോത്സവം ആദ്യനാൾ തന്നെ അറിവിന്റെ ആവിഷ്‌കാരത്തിന്റെ സർഗാത്മകവേദിയായി. ബുക്ക്‌ ഫെസ്‌റ്റ്‌ സ്‌റ്റേറ്റ്‌ ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ്‌ അടാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റ്‌ കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. മനയത്ത്‌ ചന്ദ്രൻ ആമുഖഭാഷണം നടത്തി. കെ ചന്ദ്രൻ പി കെ ബീനക്ക്‌ നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. ഡോ. കെ വി സജയ്‌ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ ക‍ൗൺസിൽ ചെയർപേഴ്‌സൺ അഡ്വ. സാറാ ജാഫർ, സി സി ആൻഡ്രൂസ്‌, കെ രാമകൃഷ്‌ണൻ, ഗോപാലകൃഷ്‌ണൻ ചൂലൂർ, വി സുരേഷ്‌ ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ഉദയൻ സ്വാഗതവും ജി കെ വത്സല നന്ദിയും പറഞ്ഞു. ചിന്തയ്ക്കുപുറമെ ഇൻസെറ്റ്‌ പബ്ലിക്ക, പ്രഭാത്‌, കൈരളി, എൻബിഎസ്, ഡിസി ബുക്സ്, മാതൃഭൂമി, മലയാള മനോരമ, സൈകതം. പ്രഭാത് ബുക്സ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കറന്റ് ബുക്സ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഒലിവ് പബ്ലിക്കേഷൻസ്, ഫിംഗർ, നാഷണൽ ബുക്ക്‌ സ്‌റ്റാൾ, പ്രോഗ്രസ്‌ തുടങ്ങി നൂറോളം പ്രസാധകരുടെ നൂറ്റമ്പതോളം സ്‌റ്റാളുകളുണ്ട്‌. ഗ്രന്ഥശാലകൾക്കും പുസ്‌തകം വാങ്ങുന്നവർക്കും 35 ശതമാനത്തോളം കിഴിവ്‌ ലഭിക്കും. പുസ്‌തകോത്സവം വ്യാഴം വൈകിട്ട്‌ സമാപിക്കും. ​​​

ആദ്യനാൾ 
പ്രകാശിപ്പിച്ചത്‌ 
8 പുസ്‌തകങ്ങൾ ​

കോഴിക്കോട്‌ ബുക്ക്‌ ഫെസ്‌റ്റിൽ ആദ്യനാൾ പ്രകാശിപ്പിച്ചത്‌ എട്ട്‌ പുസ്‌തകങ്ങൾ. കെ ടി കുഞ്ഞിക്കണ്ണൻ രചിച്ച ഫാസിസ്‌റ്റ്‌ വിരുദ്ധ യുദ്ധവിജയവും കമ്യൂണിസ്‌റ്റുകാരും, പി കെ ഗോപിയുടെ വേരും പ‍‍ൂവും, പി കെ പാറക്കടവിന്റെ നൂറ്‌ കഥകൾ, സി എം മുരളീധരന്റെ ഭാരതീയ ഭാഷ പരിവാർ; ഹിന്ദുത്വത്തിന്റെ അക്ഷരവഴി, വി പി ഏലിയാസിന്റെ കാലമേ നീ കെടുത്തിയ ഒരുകൊടും ക്രിമിനൽ, അബ്‌ദുള്ള പേരാന്പ്രയുടെ നീർകാക്കകൾ തിന്നുന്ന കടൽ, ശങ്കർ നൊച്ചാടിന്റെ ആകാശപ്പൂക്കൾ, നസീർ പാലൂരിന്റെ പ്രണയത്തിനൊടുവിലെ മീനുകൾ എന്നീ പുസ്‌തകങ്ങളാണ്‌ പ്രകാശിപ്പിച്ചത്‌. പ്രകാശന ചടങ്ങ്‌ കെ ഇ എൻ ഉദ്‌ഘാടനം ചെയ്‌തു. കെ ടി കുഞ്ഞിക്കണ്ണന്റെ പുസ്‌തകം യുവ എഴുത്തുകാരി ഇ അഭിരാമി ഏറ്റുവാങ്ങി. ഡോ. ജെ പ്രസാദ്‌ അധ്യക്ഷനായി. വി ആർ സുധീഷ്‌, പ്രൊഫ. കെ പാപ്പൂട്ടി എന്നിവർ സംസാരിച്ചു. വി പി ശ്യാംകുമാർ സ്വാഗതവും കെ പി ശ്രീധരൻ നന്ദിയും പറഞ്ഞു. വൈകിട്ട്‌ കെ സി വിനീത്‌കുമാർ പാറോപ്പടി അവതരിപ്പിച്ച കാത്തിരിപ്പ്‌ എന്ന ഏകപാത്ര നാടകം അരങ്ങേറി.

വൈവിധ്യമാർന്ന 
പുസ്തകശേഖരവുമായി ചിന്ത ​

വൈവിധ്യമാർന്ന പുസ്തകശേഖരവുമായി ‘ചിന്ത പബ്ലിഷേഴ്സ്' പുസ്‌തകോത്സവത്തിലെ തിരക്കേറിയ ഇടമാകുന്നു. ചിന്ത പബ്ലിഷേഴ്‌സിന്റെ പത്ത് സ്‌റ്റാളുകളിൽ ആയിരത്തിനടുത്ത് എഴുത്തുകാരുടേതായി ആയിരക്കണക്കിന്‌ പുസ്‌തകങ്ങളുണ്ട്. സനാതനികളുടെ ഹിന്ദുത്വവഴികൾ, കാഴ്ചകൾ അർഥങ്ങൾ, കീരി, പാതാളക്കരണ്ടി, മനോയാനം, ലെനിന്റെ തെരഞ്ഞെടുത്ത കൃതികൾ, ജപിച്ചൂതിയ വെള്ളം, നൂറ് കഥകൾ, നമ്മുടെ ഭാഷ, ജയിൽ ഡയറി, ഞാൻ ലീലാവതി, മോടിയുള്ള മദ്യക്കുപ്പികൾ, 25 കഥകൾ, നാലാം തൂണിന്റെ പക്ഷം, ദേശാഭിമാനിക്കഥകൾ എന്നിവയാണ് ആവശ്യക്കാരേറെ തേടിവരുന്ന പ്രധാന പുസ്‌തകങ്ങൾ, നോവൽ, ബാലസാഹിത്യം, കഥകൾ, കവിതകൾ, രാഷ്ട്രീയം, സിനിമ, നാടകം, പഠനങ്ങൾ, പരിസ്ഥിതി, ശാസ്ത്രം എന്നിങ്ങനെ വായനയുടെ വൈവിധ്യം വിളമ്പുന്ന പുതിയ പുസ്‌തകങ്ങളുമുണ്ട്. പുസ്‌തകങ്ങൾക്ക് നല്ല ഇളവുകളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home