ad
Deshabhimani

നിലതെറ്റി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം

കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം (ഫയല്‍ ചിത്രം)

കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം (ഫയല്‍ ചിത്രം)

വെബ് ഡെസ്ക്

Published on Aug 29, 2026, 02:35 AM | 1 min read

കോഴിക്കോട്

മതിയായ സുരക്ഷയില്ലാതെയും ആവശ്യത്തിന് സൗകര്യമൊരുക്കാതെയും അന്തേവാസികളെ ഇരുട്ടിലാക്കി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. നോക്കാൻ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ രോഗികളെ സെല്ലുകളിൽ പൂട്ടിയിടുകയാണ് അധികൃതര്‍. വെട്ടവും വെളിച്ചവും കുറവായതിനാൽ രാത്രികാല സഞ്ചാരവും മാനസികാരോഗ്യ കേന്ദ്രത്തിൽ വെല്ലുവിളിയാണ്. ചുറ്റുമതിലുകൾ ഇല്ലാത്തതും സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാനസികാരോഗ്യ കേന്ദ്രം ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത്‌ ബാലാജിയും സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതാണ് അന്തേവാസികൾക്കും ജീവനക്കാര്‍ക്കും പുതുപ്രതീക്ഷ നൽകുന്നത്. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് റിപ്പോര്‍ട്ട് നൽകാനുള്ള ചുമതല. നാനൂറോളം അന്തേവാസികളാണ് മാനസികാരോഗ്യ കേന്ദ്രത്തിലുള്ളത്. എന്നാൽ, 20 സുരക്ഷാ ജീവനക്കാര്‍ വേണ്ടിടത്ത് വെറും നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. ജോലി കൂടുതലും ശമ്പളം തുച്ഛവുമായതിനാൽ കൂടുതൽ പേരും ജോലി നിര്‍ത്തിപ്പോയി. വെല്ലുവിളി നിറ‍ഞ്ഞ ജോലിയായിട്ടും ദിവസം 700 രൂപ മാത്രമാണ് ശമ്പളം നൽകുന്നത്. രോഗികൾ ചാടിപ്പോകുന്നതും തമ്മിൽ സംഘര്‍ഷമുണ്ടാകുന്നതും ഇവിടെ പതിവാണ്. സംഘര്‍ഷത്തിൽ ജീവനക്കാര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല വാര്‍ഡുകളിലും ഉൾക്കൊള്ളാനാകുന്നതിലധികം രോഗികളാണ് ഉള്ളത്. പുതുതായി നിര്‍മിച്ച കെട്ടിടത്തിൽ പല മുറികളിലും സീലിങ് ഫാൻ പോലുമില്ലാത്തതും ബുദ്ധിമുട്ടിലാക്കുകയാണ്. ചൂട് ക്രമാതീതമായ സമയത്തുൾപ്പെടെ പുറത്തിറങ്ങാനാകാതെ രോഗികൾ വീര്‍പ്പുമുട്ടുകയായിരുന്നു. കഴിഞ്ഞ 17നാണ് ഹൈക്കോടതി ജഡ്ജിമാർ കേന്ദ്രം സന്ദര്‍ശിച്ചത്. അന്തേവാസികളുടെയും ജീവനക്കാരുടെയും മനുഷ്യാവകാശങ്ങളും സുരക്ഷയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, വാർഡുകളുടെയും സെല്ലുകളുടെയും അവസ്ഥ എന്നിവയെല്ലാം വിലയിരുത്തിയിരുന്നു. തൃശൂര്‍, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home